സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ഖജനാവു നിറയ്‌ക്കാന്‍ വാഹന പെറ്റി കേസുകളിലുടെ ജനങ്ങളെ പിഴിയാന്‍ പോലീസിനു നിര്‍ദേശം

0

കോട്ടയം : സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ഖജനാവു നിറയ്‌ക്കാന്‍ വാഹന പെറ്റി കേസുകളിലുടെ ജനങ്ങളെ പിഴിയാന്‍ പോലീസിനു നിര്‍ദേശം.
ഒരു ദിവസം ഒരു ജില്ലയില്‍ കുറഞ്ഞത്‌ ആയിരം പെറ്റി കേസ്‌ എങ്കിലും ചാര്‍ജ്‌ ചെയ്യണമെന്നാണു നിര്‍ദേശം. ഇതിനായി ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ്‌ പ്രധാനമായും പോലീസ്‌ ലക്ഷ്യമിടുന്നത്‌്. വഴിയോരത്തു പാര്‍ക്ക്‌ ചെയ്യുക, സീറ്റ്‌ ബെല്‍റ്റ്‌ ഇല്ലാതിരിക്കുക, അമിത വേഗത്തില്‍ വാഹനം ഓടിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുക ഇവയെല്ലാമാണു പെറ്റിയടിക്കാനുള്ള കാരണങ്ങള്‍.
ഇതൊന്നും കിട്ടിയില്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കണ്ടെത്തിയാണെങ്കിലും പിഴ അടിക്കാനാണ്‌ തീരുമാനം. ഓരോ ജില്ലയ്‌ക്കും ടാര്‍ഗറ്റും നിശ്‌ചയിച്ചിട്ടുണ്ട്‌്.ഇതിനായി ഹൈവേ പട്രോള്‍ അടക്കമുള്ള വാഹനങ്ങളിലെ ഉദ്യോഗസ്‌ഥര്‍ക്കു കര്‍ശന നിര്‍ദേശംതന്നെ നല്‍കിയിട്ടുണ്ട്‌. ഇവര്‍ക്കു ടാര്‍ഗറ്റും നിശ്‌ചയിച്ചു നല്‍കി. ഒരു സ്‌റ്റേഷന്‍ പരിധിയില്‍ ഒരു ദിവസം കുറഞ്ഞത്‌ 25 മുതല്‍ 30 വരെ പെറ്റി കേസ്‌ പിടിക്കണമെന്നാണ്‌ നിര്‍ദേശം. ഹൈവേ പോലീസിന്‌ ഇത്‌ 50 മുതല്‍ 60 വരെയാണ്‌. നഗരങ്ങളില്‍ ബൈക്ക്‌ പെട്രോളിങ്ങിനുള്ള സംഘത്തിന്റെ പ്രധാന ഡ്യൂട്ടിതന്നെ വാഹനങ്ങള്‍ക്കു പിഴയടിയാണ്‌.
കോവിഡ്‌ കാലത്തു നിര്‍ത്തിവച്ച വാഹന പരിശോധനയാണു പുനരാരംഭിച്ചത്‌. ഒരു സ്‌റ്റേഷന്‍ പരിധിയില്‍ മദ്യപിച്ചു വാഹനമോടിക്കുന്ന രണ്ടു പേരെയെങ്കിലും മിനിമം ഒരു ദിവസം പിടികൂടണമെന്നാണ്‌ നിര്‍ദേശം. മദ്യപിച്ചു വാഹനമോടിച്ചാല്‍ 10,750 രൂപയാണു പിഴ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ എറണാകുളം ജില്ലയെ അധികം പെറ്റി കേസില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. മറ്റ്‌ എല്ലാ ജില്ലകളിലും പെറ്റി കേസ്‌ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസ്‌ ഉദ്യോഗസ്‌ഥരെ പ്രധാന പോയിന്റുകളില്‍ വിന്യസിക്കാനും നിര്‍ദേശമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here