സിസ്‌റ്റര്‍ അഭയക്കേസില്‍ ഫാ. തോമസ്‌ എം. കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതിവിധി ഹൈക്കോടതി മരവിപ്പിച്ചു

0

സിസ്‌റ്റര്‍ അഭയക്കേസില്‍ ഫാ. തോമസ്‌ എം. കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതിവിധി ഹൈക്കോടതി മരവിപ്പിച്ചു. ഇരുവര്‍ക്കും താത്‌കാലിക ജാമ്യം അനുവദിക്കാനും ജസ്‌റ്റിസ്‌ കെ. വിനോദ്‌ചന്ദ്രന്‍, ജസ്‌റ്റിസ്‌ സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു.
ഫാ. കോട്ടൂരിന്‌ ഇരട്ട ജീവപര്യന്തവും സിസ്‌റ്റര്‍ സെഫിക്ക്‌ ജീവപര്യന്തം തടവുമാണ്‌ 2020 ഡിസംബര്‍ 23-നു വിചാരണക്കോടതി വിധിച്ചത്‌. ഫാ. കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സിസ്‌റ്റര്‍ സെഫി അട്ടക്കുളങ്ങര വനിതാജയിലിലുമാണു കഴിയുന്നത്‌. ഹൈക്കോടതില്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീലില്‍ വിധി വരുന്നതുവരെ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ഇരുവരുടെയും ഉപഹര്‍ജികള്‍ പരിഗണിച്ചാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.
അഞ്ചു ലക്ഷം രൂപയുടെ ആള്‍ജാമ്യമാണ്‌ പ്രധാന വ്യവസ്‌ഥ. ജയില്‍മോചിതരായശേഷം ആറു മാസത്തേക്ക്‌ എല്ലാ ശനിയാഴ്‌ചയും കേസിലെ അനേ്വഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിനു പുറത്തുപോകരുത്‌. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.
തെളിവുകളും വസ്‌തുതകളും പരിശോധിക്കാതെയാണ്‌ സി.ബി.ഐ. കോടതി ശിക്ഷ വിധിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഫാ. ജോസ്‌ പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ സി.ബി.ഐ. കോടതി കുറ്റമുക്‌തനാക്കിയിരുന്നു. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക്‌ തങ്ങളും അര്‍ഹരാണെന്നും ഫാ. കോട്ടൂരും സിസ്‌റ്റര്‍ സെഫിയും വാദിച്ചു.
പ്രതിഭാഗം ഉന്നയിച്ച വാദങ്ങളില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതിനു പ്രോസിക്യൂഷന്‍ ശക്‌തമായ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. വിജയഭാനു, ബി. രാമന്‍പിള്ള എന്നിവരാണു ഹാജരായത്‌.
കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന സിസ്‌റ്റര്‍ അഭയയെ 1992 മാര്‍ച്ച്‌ 27-നാണ്‌ അവര്‍ താമസിച്ചിരുന്ന കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കു ശേഷമാണ്‌ ഒന്നാം പ്രതിയായ ഫാ. കോട്ടൂരിനെയും മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയെയും തിരുവനന്തപുരം സി.ബി.ഐ. കോടതി ശിക്ഷിച്ചത്‌. ഫാ. പൂതൃക്കയില്‍ രണ്ടാം പ്രതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here