കോവിഡ്‌ മരണങ്ങള്‍ വ്യാപകം: പുതിയ വകഭേദത്തിനു സാധ്യത

0


കൊച്ചി : കോവിഡ്‌ ബാധിച്ചു ഗുരുതരമാകുന്നരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, കോവിഡ്‌ മരണങ്ങള്‍ ലോകമെമ്പാടും വ്യാപകമാണെന്നും വിദഗ്‌ധര്‍. മുമ്പുള്ളയത്രയും പരിശോധനയില്ലാത്തതുമൂലം ഈ മരണങ്ങളെല്ലാം കോവിഡ്‌ മൂലമാണെന്നു റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്നുമാത്രം. യൂറോപ്പിലും സിംഗപ്പൂരും ചൈനയിലും കോവിഡ്‌ ബാധ കൂടിവരികയാണ്‌.
കേരളത്തില്‍ ഓണത്തിനുശേഷം കോവിഡ്‌ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഈ മാസം കുറഞ്ഞിട്ടുണ്ട്‌. എന്നാല്‍, രോഗവ്യാപനം തുടരുകയാണ്‌. ഇതു കൂടാതെ പലതരം പനികളും സംസ്‌ഥാനത്തു വ്യാപിക്കുന്നുണ്ട്‌. കോവിഡ്‌ ബാധിച്ച മിക്കവര്‍ക്കും വീട്ടില്‍ ഇരിക്കാവുന്ന ലക്ഷണങ്ങള്‍മാത്രമേയുള്ളൂ. ഗുരുതരമാകുന്നവരുടെ അനുപാതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു.
നിലവില്‍ ഒമിക്രോണിന്റെ വകഭേദങ്ങളാണ്‌ വ്യാപിക്കുന്നത്‌. പൊതുവേ രോഗപ്പകര്‍ച്ച കൂട്ടാന്‍ ശക്‌തിയുള്ള വകദേഭമാണിത്‌. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേസമയം, കോവിഡ്‌ രോഗബാധയുടെ ചരിത്രം പരിശോധിച്ചാല്‍, ഒമിക്രോണുമായി ബന്ധമില്ലാത്ത ഒരു പുതിയ വകഭേദം എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്‌തമാണെന്ന്‌ ഇതു സംബന്ധിച്ച്‌ ഗവേഷണവും പഠനങ്ങളും നടത്തിവരുന്ന നാഷണല്‍ ഐ.എം.എ. കോവിഡ്‌ ടാസ്‌ക്‌ഫോഴ്‌സ്‌ കോ-ചെയര്‍മാനും കേരള ഐ.എം.എ. റിസര്‍ച്ച്‌ സെല്‍ വൈസ്‌ ചെയര്‍മാനുമായ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു. നിലവിലുള്ള ഒമിക്രോണിന്റെ സ്വഭാവമാകണമെന്നില്ല വരാനിരിക്കുന്ന വകഭേദത്തിന്‌. അതിനാല്‍ എല്ലാം കൊണ്ടും കോവിഡ്‌ മഹാമാരി അവസാനിച്ചെന്നു കരുതേണ്ടതില്ല.തിരക്കുള്ള അടച്ചിട്ട സ്‌ഥലങ്ങളിലെ സംഗമങ്ങളില്‍നിന്നു പ്രായമേറിയവര്‍ ഒഴിഞ്ഞുനില്‍ക്കുന്നത്‌ ഉത്തമമാണ്‌. പ്രത്യേകിച്ച്‌ അകത്തളങ്ങളില്‍ മാസ്‌ക്‌ സംരക്ഷണമേകും. അതുപോലെ സാമൂഹിക അകലം പാലിക്കുകയും വേണം-അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here