എൽദോസ് കുന്നപ്പിള്ളി കേസ്; ജാമ്യ ഹർജിയിൽ വിധി ഇന്ന് ; എം.എൽ.എ ഇന്ന് കീഴടങ്ങിയേക്കും;ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയവരേയും കേസിൽ പ്രതിചേർക്കാൻ ആലോചന

0

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിളളി എം.എൽ.എയുടെ മുൻകൂർ ജാമ്യ ഹർജിയിൽ അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഏഴ്) ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ചാൽ എത്രയും വേഗം എം.എൽ.എയെ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം. ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർത്തതോടെ എൽദോസിന് മുൻകൂർ ജാമ്യത്തിന് സാദ്ധ്യതയില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. വിധി എതിരായാൽ എൽദോസ് അന്വേഷണ സംഘത്തിന് മുമ്പാകെയോ കോടതിയിലോ കീഴടങ്ങാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

എൽദോസിന്റെ ബാങ്ക് അക്കൗണ്ടുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം വേണ്ടിവന്നാൽ കോടതിയുടെ അനുമതിയോടെ അവ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കും. എം.എൽ.എയ്ക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയവരേയും കേസിൽ പ്രതിചേർക്കാൻ ആലോചിക്കുന്നു. ഇരയായ യുവതിയുമൊത്ത് അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് തെളിവെടുപ്പ് നടത്തിയേക്കും.അതേസമയം, കുന്നപ്പിള്ളിയുടെ ജാമ്യഹർജിയിൽ വിധി പറയും മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചു. ഈ ഹർജിയും ഇന്ന്കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here