ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തല്‍ വേഗത്തിലാക്കാന്‍ കലക്‌ടര്‍മാര്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

0

തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തല്‍ വേഗത്തിലാക്കാന്‍ കലക്‌ടര്‍മാര്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ തീരുമാനമുണ്ടാകണമെന്നും നിയമം ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി ഉന്നതതലയോഗത്തില്‍ നിര്‍ദേശിച്ചു. ഗുണ്ടാ ആക്രമണം പെരുകുന്നതിന്‌ കാരണം കലക്‌ടര്‍മാരുടെ അലംഭാവമാണെന്നു കാട്ടി പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കലക്‌ടര്‍ക്കൊപ്പം റെയ്‌ഞ്ച്‌ ഡി.ഐ.ജിക്കും അധികാരം നല്‍കണമെന്നു ക്രമസമാധാനപാലനത്തിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി: വിജയ്‌സാഖറെ ആവശ്യപ്പെട്ടിരുന്നു. കാപ്പയില്‍പ്പെടുത്തേണ്ട ഗുണ്ടകളുടെ പട്ടിക എ.ഡി.ജി.പി. നേരിട്ട്‌ ജില്ലാ പോലീസ്‌ മേധാവിമാരില്‍നിന്ന്‌ ശേഖരിച്ചിരുന്നു.
ഓപ്പറേഷന്‍ കാവല്‍ ആരംഭിച്ച്‌ നാലു മാസം പിന്നിട്ടിട്ടും ഗുണ്ടാ ആക്രമണങ്ങള്‍ കുറയാത്ത സാഹചര്യത്തിലാണ്‌ കാപ്പ നിയമം പൊടിതട്ടിയെടുത്തത്‌. ഏഴുവര്‍ഷത്തിനിടെ മൂന്നു ഗുണ്ടാ ആക്രമണ സ്വഭാവമുള്ള കേസുകളില്‍ പ്രതിയായാല്‍ അവരെ കാപ്പ പ്രകാരം തടങ്കലില്‍ വയ്‌ക്കാന്‍ ജില്ലാ പോലീസ്‌ മേധാവിക്ക്‌ കലക്‌ടറോട്‌ നിര്‍ദേശിക്കാം. ഗുണ്ടാ നിയമപ്രകാരമുളള ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ഡെപ്യൂട്ടി കലക്‌ടറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ ഓരോ ജില്ലകളിലും ആരംഭിക്കും. ഇക്കാര്യത്തില്‍ ജില്ലാ പോലീസ്‌ മേധാവിമാരുമായി കലക്‌ടര്‍മാര്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വേണ്ടിവന്നാല്‍ ഇക്കാര്യത്തില്‍ കലക്‌ടര്‍മാര്‍ക്ക്‌ പരിശീലനം നല്‍കാനും ഉന്നതതലയോഗത്തില്‍ ധാരണയായി.
150 ശിപാര്‍ശകളിന്മേല്‍ ഇപ്പോഴും തീരുമാനമെടുക്കാത്തതാണ്‌ ഗുണ്ടാവിളയാട്ടം വര്‍ധിക്കാന്‍ കാരണമെന്ന്‌ ഡി.ജി.പി: അനില്‍കാന്ത്‌ ചൂണ്ടിക്കാട്ടി. ആറുമാസമാണ്‌ കരുതല്‍ തടങ്കല്‍. സ്‌ഥിരം ശല്യക്കാരെ ജയിലിലടയ്‌ക്കാനാണ്‌ നല്ലനടപ്പ്‌ ബോണ്ട്‌ നടപ്പാക്കിയതെങ്കിലും കലക്‌ടര്‍മാരുടെ നിസഹകരണം ഇതിന്‌ തടസമായി. ഇതാണ്‌ മുഖ്യമന്ത്രിയുടെ ഇടപെടലോടെ നീങ്ങുന്നത്‌

Leave a Reply