കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം തുടങ്ങി

0

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ക്രെം ബ്രാഞ്ച്‌ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപിന്നാലെ കേസിലെ പ്രതി നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം തുടങ്ങി. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം. കേസില്‍ പ്രതിയാക്കി അറസ്‌റ്റുണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണിത്‌. ഒന്നാംപ്രതി പള്‍സര്‍ സുനി പറയുന്ന മാഡം കാവ്യ മാധവനാണെന്ന മൊഴിയുടേയും ശബ്‌ദരേഖയുടേയും അടിസ്‌ഥാനത്തിലാണു ചോദ്യംചെയ്യല്‍.
“മാഡം” കാവ്യതന്നെയെന്നു ക്രൈംബ്രാഞ്ച്‌ ഏതാണ്ട്‌ ഉറപ്പിച്ചിട്ടുണ്ട്‌. ദിലീപ്‌ ഉള്‍പ്പെടെയുള്ള ഒന്നു മുതല്‍ ആറു പ്രതികള്‍ക്കു ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. കാവ്യയ്‌ക്കും മുന്‍കൂര്‍ജാമ്യം ലഭിച്ചേക്കുമെന്നാണ്‌ കരുതുന്നത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നപക്ഷം അറസ്‌റ്റിനു തല്‍ക്കാലം സാധ്യതയില്ല, ചോദ്യംചെയ്യല്‍ നീട്ടാനും സാധ്യതയുണ്ട്‌.
ആലുവയിലെ വീട്ടില്‍വച്ചു ചോദ്യം ചെയ്യാമെന്നു ക്രൈംബ്രാഞ്ചിനെ കാവ്യ അറിയിച്ചെങ്കിലും പിന്നീടു നിലപാടു മാറ്റി. അതോടെ എവിടെവച്ചു ചോദ്യംചെയ്യലിനു വിധേയമാകാന്‍ കഴിയുമെന്ന്‌ അറിയിക്കാന്‍ ക്രൈംബ്രാഞ്ച്‌ കാവ്യയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ചോദ്യംചെയ്യലിനു ഹാജരാകേണ്ട സ്‌ഥലം തീരുമാനിക്കാന്‍ കാവ്യക്കു ക്രൈംബ്രാഞ്ച്‌ അവസരം നല്‍കിയിരുന്നു. ചെന്നൈയിലുള്ള കാവ്യാ മാധവന്‍ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും അവര്‍ തിരികെ വന്നോ എന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്‌ഥാനത്തിലുമാണു ചോദ്യം ചെയ്യല്‍.
കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്കു സൂചിപ്പിക്കുന്ന ശബ്‌ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ്‌ ഈ ശബ്‌ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്‌. സുരജിന്റെ ശബ്‌ദരേഖയ്‌ക്കു കാവ്യ നല്‍കുന്ന മറുപടി കേസില്‍ അതീവനിര്‍ണായകമാണ്‌.
2017ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്നുമാസമായി നടക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്‌.
ഈ സാഹചര്യത്തില്‍ കാവ്യയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ്‌ പ്രതികള്‍ എത്തിച്ചതു കാവ്യയുടെ ഉടമസ്‌ഥതയിലുള്ള ലക്ഷ്യ എന്ന സ്‌ഥാപനത്തിലാണ്‌. നടി ആക്രമിക്കപ്പെടുന്നതിനു ദിവസങ്ങള്‍ക്കുമുമ്പു കാവ്യ തൃശൂരിലേക്കു പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നതു പള്‍സര്‍ സുനിയാണെന്നും പറയുന്നു. വി.ഐ.പി. എന്നു വിശേഷിപ്പിക്കപ്പെട്ട ഇവരുടെ സുഹൃത്ത്‌ ശരത്ത്‌ നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ പലപ്പോഴും കരഞ്ഞ കാവ്യ കാവ്യ ചില ചോദ്യങ്ങള്‍ക്കു വ്യക്‌തമല്ലാത്ത മറുപടികളായിരുന്നു നല്‍കിയത്‌.
പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണു നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതിനു വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച്‌ തയാറാക്കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here