തിരുവനന്തപുരം: ബസ്, ഓട്ടോറിക്ഷ, ടാക്സി നിരക്കുവര്‍ധന മേയ് ഒന്നിനു നിലവില്‍വരും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാനും മന്ത്രിസഭാതീരുമാനം. ഒരുമാസത്തേക്കോ അതിലധികമോ സ്ഥിരം യാത്രക്കാര്‍ക്കു 30% ഇളവില്‍ സീസണ് ടിക്കറ്റ് അനുവദിക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് അധികാരമുണ്ടാകും.
സിറ്റി/ടൗണ്‍/സിറ്റി സര്‍ക്കുലര്‍/സിറ്റി ഷട്ടില്‍ ഉള്‍പ്പെടെ ഓര്‍ഡിനറി/മൊഫ്യൂസില്‍ ബസ് സര്‍വീസുകളുടെ കുറഞ്ഞനിരക്ക് 10 രൂപയാകും. (നിലവില്‍ എട്ടുരൂപ). കുറഞ്ഞനിരക്ക് 12 രൂപയാക്കണമെന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 12 രൂപയും (നിലവില്‍ 10) ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറുകളുടേത് 15 രൂപയും (നിലവില്‍ 14) സൂപ്പര്‍ഫാസ്റ്റുകളുടേത് 22 രൂപയുമായി (നിലവില്‍ 20) ഉയരും.
എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്/സെമി സ്ലീപ്പര്‍, ലക്ഷ്വറി/ഹൈടെക് ആന്‍ഡ് എയര്‍കണ്ടീഷന്‍, സിംഗിള്‍/മള്‍ട്ടി ആക്സില്‍, ലോ ഫ്ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്ക് തുടരും. ലോ ഫ്ളോര്‍ നോണ്‍ എയര്‍ കണ്ടീഷന്‍ സര്‍വീസുകളുടെ നിരക്ക് 10 രൂപയായി കുറച്ചു (നിലവില്‍ 13). എ.സി. സ്ലീപ്പര്‍ കുറഞ്ഞനിരക്ക് 130 രൂപ.
ഓട്ടോറിക്ഷകള്‍ക്കു 30 രൂപയാണു കുറഞ്ഞനിരക്ക് (1.5 കിലോമീറ്റര്‍ വരെ). തുടര്‍ന്നുള്ള ഓരോ കിേലാമീറ്ററിനും 15 രൂപ. (ഓരോ 100 മീറ്ററിനും 1.50 രൂപ നിരക്കില്‍). ക്വാഡ്രിസൈക്കിളുകള്ക്കു കുറഞ്ഞനിരക്ക് 35 രൂപ (1.5 കി.മീ. വരെ). അധികമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ.
ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കുവരെ സഞ്ചരിക്കാവുന്ന, 1500 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ് ഉള്‍പ്പെടെ) കുറഞ്ഞനിരക്ക് 200 രൂപ (അഞ്ച് കി.മീ. വരെ). തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപ. 1500 സി.സിക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് 225 രൂപ (അഞ്ച് കി.മീ. വരെ). തുടര്‍ന്ന് 20 രൂപ/കിലോമീറ്റര്‍.