നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടന്ന വധഗൂഡാലോചനാ കേസിലും അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച്‌ നീക്കം

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടന്ന വധഗൂഡാലോചനാ കേസിലും അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച്‌ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിണു ഒന്നരമാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്നു വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ സഹാചര്യത്തില്‍ കാവ്യ മാധവനെയടക്കം വൈകാതെ ചോദ്യംചെയ്യാനാണു തീരുമാനം.
സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക്‌ പരിശോധനാ ഫലവും നിര്‍ണായകമാണ്‌. വധഗൂഡാലോചനാ കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്കപ്പുറത്തു ദിലീപ്‌ നടത്തിയ നീക്കങ്ങളാണു അന്വേഷണസംഘം ഇനി പരിശോധിക്കുക. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധനയും വേഗത്തിലാക്കും.
സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്ന കുറ്റത്തിനു ദിലീപിന്റെ അഭിഭാഷകരെ വൈകാതെ ചോദ്യംചെയ്യും. ഹൈക്കോടതിയില്‍നിന്നു പച്ചക്കൊടി കിട്ടിയതോടെ ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
കാവ്യയെ വീട്ടില്‍വച്ചു ചോദ്യംചെയ്യാനാണു ആദ്യം ഉദ്ദേശിച്ചതെങ്കിലും പ്രതിയാക്കാന്‍ സാഹചര്യമുള്ളതിനാല്‍, ചട്ടം 43 (എ) പ്രകാരം നോട്ടീസ്‌ നല്‍കി വിളിപ്പിക്കാനുള്ള സാധ്യതയുണ്ട്‌. പ്രതിയാക്കാനുള്ള നീക്കമുണ്ടെങ്കില്‍ പോലീസ്‌് പീഡനമാരോപിച്ചോ മുന്‍കൂര്‍ ജാമ്യത്തിനായോ കാവ്യ ഹൈക്കോടതിയെ സമീപിക്കും.
ബാലചന്ദ്രകുമാറിനെതിരേ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും യുവതിയുടെ പരാതി

കൊച്ചി: പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറസ്‌റ്റു ചെയ്യാതെ പോലീസ്‌ ഒത്തുകളിക്കുന്നുവെന്നു ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. 2010ല്‍ ജോലി വാഗ്‌ദാനം നല്‍കി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടില്‍വച്ചു പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.
എളമക്കര പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടും ബാലചന്ദ്രകുമാറിനെ അറസ്‌റ്റു ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. കേസ്‌ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ട്‌. തന്നെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

ക്രൈംബ്രാഞ്ചിനെതിരേ ബാര്‍ കൗണ്‍സിലിന്‌ പരാതി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്‌ പുറത്തുവിട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ചിനെതിരേ ബാര്‍ കൗണ്‍സിലിനു പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണു പരാതി നല്‍കിയത്‌. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്‌ഡ്‌ കമ്യൂണിക്കേഷന്‍ ആണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതു നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Leave a Reply