ബിജു മേനോനും ജോജു ജോർജും മികച്ച നടൻമാർ; മികച്ച നടി രേവതി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ..

0

തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർ നേടി. ആർക്കറിയാം എന്ന ചിത്രത്തിലെ ആഭിനയത്തിന് ബിജു മേനോനും നായാട്ട് എന്ന സിനിമയിലെ മികച്ച അഭിനയത്തിന് ജോജു ജോർജുമാണ് പുരസ്‌കാരത്തിന് അർഹരായത്. ഭൂതകാലം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം രേവതി നേടി. മികച്ച ചിത്രം ആവാസവ്യൂഹ ആണ്.

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിനാണ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം നേടി.

പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140ഓളം ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി എന്നാണ് വിവരം. സമാന്തര സിനിമകൾ ഇത്തവണയും ഞെട്ടിക്കുമോ എന്നതായിരുന്നു ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ.

സിനിമാമേഖലയെ സംബന്ധിച്ച് കൊവിഡിൽ നേരിട്ട പ്രതിസന്ധി തുടർന്ന വർഷമായിരുന്നു 2021. കൊവിഡിന് ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാൻ ആരംഭിച്ചിട്ട് അധികം മാസങ്ങൾ ആയിട്ടില്ല. കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞുകിടന്ന നിരവധി മാസങ്ങൾ കഴിഞ്ഞ വർഷവുമുണ്ടായിരുന്നു. അക്കാലയളവിൽ ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചില മികച്ച ചിത്രങ്ങൾ എത്തുകയും അവ ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്‍ത വർഷമായിരുന്നു 2021.

LEAVE A REPLY

Please enter your comment!
Please enter your name here