തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പോലീസുകാരന് അപമാനിച്ചതായി പരാതി. കിഴക്കേകോട്ടയില്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയ്ക്കെതിരെ നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയില്‍ വഴിയാണ് പരാതി കൈമാറിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചേകാലോടെ നെടുമങ്ങാട് സ്വദേശിയായ വിജിത്തും ഭാര്യയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം.
താലൂക്ക് ഓഫീസിന് സമീപത്ത് നിന്ന് മണക്കാട് റോഡിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ വാഹനപരിശോധനയ്ക്ക് നിന്ന പോലീസുകാര്‍ ഇവരെ തടഞ്ഞു. ഇത് വണ്‍വേ ആണെന്നും 1000 രൂപ പിഴയായി അടയ്ക്കണമെന്നും എസ്ഐ ആവശ്യപ്പെട്ടു. എന്നാല്‍ വണ്‍വേ ആണെന്ന് അറിയാതെയാണ് റോഡില്‍ പ്രവേശിച്ചതെന്നും കൈയില്‍ പണമില്ലാത്തതിനാല്‍ തുക കോടതിയില്‍ അടയ്ക്കാമെന്നും അറിയിച്ചു.
എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന പോലീസുകാര്‍ ദമ്പതികളെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും വിട്ടയയ്ക്കാന് തയാറായില്ല.
ഇവള് ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ച് കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നതെന്ന് പറഞ്ഞ് എസ്ഐ യുവതിയെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.