മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റി മറിച്ച കറുത്ത രാത്രി; ഒമ്പത് വോൾട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങികൊടുത്തതിന് യൗവനകാലം മുഴുവൻ ജയിലിൽ; ഒന്നിനും തളർത്താനാവാത്ത ഒരമ്മയുടെ നീതിക്കായുള്ള 31 വർഷത്തെ പോരാട്ടം; മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ ചർച്ചയായി പേരറിവാളന്റെ മോചനം

0

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ദിനത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാനുള്ള ഉഗ്രപ്രഹര ശേഷി, തനു എന്ന ശ്രീലങ്കൻ യുവതി ശരീരത്തിൽ കെട്ടിയ ആ ബൽറ്റ് ബോംബിനുണ്ടായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷിക ദിനമാണ് ഇന്ന്. ഒരു പത്തൊമ്പതുകാരന്റെ 31 വർഷത്തെ ജയിൽവാസവും മൂന്ന് പതിറ്റാണ്ട് നീണ്ട ഒരമ്മയുടെ പോരാട്ടവും യൗവനം മുഴുവൻ അഴിക്കുള്ളിൽ ഹോമിച്ച് ജീവിതം തിരികെ പിടിക്കുന്ന ഒരൻപതുകാരന്റെ ആത്മവിശ്വാസവും രേഖപ്പെടുത്താതെ ഈ ദിനം കടന്നു പോകില്ല. രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്ത കുറ്റത്തിന് നീണ്ട 31 വർഷം ജയിലിൽ അടക്കപ്പെട്ട പേരറിവാളനും അദ്ദേഹത്തിന്റെ മോചനവും ചർച്ച ചെയ്യപ്പെടുകയാണ്.

ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിലാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ നിരവധി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് അദ്ദേഹം കടന്നു പോയത്. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെൻറ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. 491 ലോകസഭ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസരംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. ഇരുപത്തൊന്ന് ആയിരുന്ന വോട്ടവകാശം 18 ആക്കിയതും, അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറന്ന് 73ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) അംഗമായ തനു എന്നറിയപ്പെടുന്ന തെൻ‌മൊഴി രാജരത്നം ആണ് ആക്രമണം നടത്തിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു തമിഴ് പുലികൾ അദ്ദേഹത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ആത്മഹത്യാ ബോംബറായി സ്വയമൊരഗ്നികുണ്ഡമായി മാറി ഇന്ത്യയുടെ ‘രാജ്യസേവകൻ’ എന്നറിയപ്പെട്ട രാജീവ് ഗാന്ധിയുടെ ജീവനെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലുള്ള അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ ആകെ നടുക്കിയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. രാജീവ് ഗാന്ധിയെ കൂടാതെ മറ്റ് 13 പേരും അന്നത്തെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു.

1991 മേയ് 21-ന് വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലായിരുന്നു ചാവേർ കാത്തിരുന്നത്. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് രാജീവ് ഗാന്ധി വേദിക്കടുത്തേക്ക് നടന്നു പോകുമ്പോൾ കാത്തു നിന്ന ചാവേർ അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് ഞൊടിയിടയിൽ പൊട്ടിക്കുകയുമായിരുന്നു. പിന്നീട് അവിടെ കണ്ടത് ഒരുവലിയ അഗ്നി ഗോളമായിരുന്നു.

ശ്രീലങ്കയിൽ ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രം വേണമെന്ന് ആഗ്രഹിച്ച പുലികളുടെ നേതൃത്വമാണ് കൊലപാതകത്തിന്റെ സൂത്രധാരൻ. രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനത്തിൽ ഇന്ത്യ ആഭ്യന്തര യുദ്ധത്തിൽ ശ്രീലങ്കൻ സർക്കാരിന്റെ സഹായത്തിനായി സൈന്യത്തെ അയച്ചിരുന്നു. രാജീവ് ഗാന്ധിയും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ജെ ആർ ജയവർധനയും 1987 ജൂലൈയിൽ ഇന്തോ-ശ്രീലങ്ക ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം എൽടിടിഇയെ പിരിച്ചുവിടുകയും തമിഴിനെ ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷകളിലൊന്നാക്കുകയും ചെയ്തു.

താൻ വീണ്ടും അധികാരത്തിലെത്തിയാൽ ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിക്കാൻ വീണ്ടും സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സൺഡേ മാസികക്കു നൽകിയ ഒരു അഭിമുഖത്തിൽ പ്രസ്താവിച്ചതാണ് തമിഴ് ഈഴം വിടുതലൈപ്പുലികളെ ചൊടിപ്പിച്ചത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇന്ത്യ വീണ്ടും പങ്കുവഹിക്കുമെന്ന് തീവ്രവാദ സംഘടന ഭയന്നതിനാൽ രാജീവ് ഗാന്ധി വീണ്ടും അധികാരത്തിൽ വരുന്നത് തടയാനാണ് എൽടിടിഇ കൊലപാതകം ആസൂത്രണം ചെയ്തത്.

രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം അധികാരത്തിലെത്തിയ ചന്ദ്രശേഖർ സർക്കാർ അന്വേഷണം സിബിഐയ്ക്ക് വിടുകയും ഡി.ആർ. കാർത്തികേയന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ കൊലപാതകത്തിന്റെ ആസൂത്രണവും നടത്തിപ്പും എൽടിടിഇ ആണെന്നു കണ്ടെത്തുകയും കേസിൽ 26 പേർ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് പ്രത്യേക കോടതി എല്ലാവർക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തെ നിയമവിദഗ്ദരെ ഞെട്ടിച്ച ഒരു വിധിയായിരുന്നു ഇത്.

ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 1984 ൽ നാൽപതാമത്തെ വയസ്സിൽ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. ഡൽഹിയിലെ യമുന നദിയുടെ തീരത്ത് അമ്മയുടെയും സഹോദരന്റെയും മുത്തച്ഛന്റെയും ശ്മശാന സ്ഥലത്തിനടുത്താണ് സംസ്കാരം. വീരഭുമി എന്നാണ് മൈതാനം അറിയപ്പെടുന്നത്.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തെരഞെടുപ്പിൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് എൽടിടി തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ് എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.’ സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ ഈ നേതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രണാമം.

രാഷ്ട്രീയത്തിൽ തല്പരനല്ലാത്ത രാജീവ്

1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും മൂത്ത മകനായാണ് രാജീവിന്റെ ജനനം. നഴ്‌സറി ക്ലാസ്സുകൾക്കായി രാജീവിനെ ശിവനികേതൻ എന്ന സ്‌കൂളിലാണ് ചേർത്തത്. പിന്നീട് ഡെറാഡൂണിലുള്ള വെൽഹാം ബോയ് സ്‌കൂളിലും, ഡൂൺ സ്‌കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ അന്റോണിയ അൽബിനാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല എങ്കിലും സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയാണുണ്ടായത്.

ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടമായിരുന്നു അന്ന് രാജീവ് കൈവരിച്ചത്. 1984ൽ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സഹാനുഭൂതി തരംഗത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്ന രാജീവ് ഗാന്ധി അക്കാലത്ത് ദിശ നഷ്ടപ്പെട്ട ഇന്ത്യൻ ജനതയുടെ ഏക പ്രത്യാശയായിരുന്നു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത് ‘മിസ്റ്റർ ക്ലീൻ’ എന്നും ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നയിക്കുന്ന നവയുഗ പ്രതിഭാസമെന്നും ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു.

രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ അടിത്തറയിട്ട ഭരണാധികാരി

സാങ്കേതിക രംഗങ്ങളിൽ രാജീവ് ഗാന്ധി നടപ്പിലാക്കിയ വിപ്ലകരമായ മാറ്റങ്ങലാണ് ഡിജിറ്റൽ ഇന്ത്യയുടെ അടിത്തറയിട്ടത്. രാജ്യത്തെ അടിമുടി മാറ്റിയ ടെലികോം വിപ്ലവം (സിഡോട്ട്, MTNL, PCO തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭവനകളായിരുന്നു), അടിസ്ഥാന മേഖലകളിൽ അദ്ദേഹം ആരംഭിച്ച ആറ്് ടെക്നോളജി മിഷനുകൾ, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്കരണം, യന്ത്രവത്കരണം, വ്യവസായനവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ എന്നിവ ഇന്ത്യയുടെ രൂപംതന്നെ മാറ്റിമറിച്ചു. സാങ്കേതിക രംഗത്ത് ഇന്ത്യ പുത്തൻ അനുഭവങ്ങൾ ശീലിച്ച കാലമായിരുന്നു അത്. സാമ്പത്തിക രംഗത്തും പല മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടിരുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും ഉയർന്ന സാമ്പത്തിക, വ്യാവസായിക വളർച്ച നേടുന്നതിനും ‘ലൈസൻസ് രാജ്’ രീതി പൊളിച്ചുമാറ്റുകയും നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്യുന്ന നയങ്ങൾ തുടങ്ങിയത് അക്കാലത്താണ്. മധ്യവർഗത്തിനാണ് ഇത് ഏറെ പ്രിയമായതെങ്കിലും ഇന്ത്യൻ സാമ്പത്തികരംഗം മൊത്തത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി.

വംശീയ തീവ്രവാദത്തിന്റെ ഇര

ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്‌നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു, തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്‌ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

പേരറിവാളൻ

മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളൻ മോചിതനാകുന്നത്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച് സുപ്രീം കോടതിയാണ് ഉത്തരവിറക്കിയത്. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ 2018-ൽ തമിഴ്‌നാട് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ശുപാർശ നീട്ടിക്കൊണ്ട് പോയ ഗവർണർ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ പത്തൊമ്പതാം വയസ്സിൽ അറസ്റ്റിലായ പേരറിവാളന്റെ ജീവിതം അസാധാരണമായ നിയമപോരാട്ടങ്ങളുടെയും കൂടി കഥയാണ്.

പത്തൊമ്പതാം വയസ്സിലെ അറസ്റ്റും ജയിൽ ജീവിതവും

1991 ജൂൺ 11ന് രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലാകുമ്പോൾ പേരറിവാളൻ എന്ന അറിവിന് 19 വയസ് മാത്രമായിരുന്നു പ്രായം. അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. ചെന്നൈയിലെ തിഡലിൽവച്ചാണ് സി.ബി.ഐ സംഘം ആ യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച സ്ഫോടകവസ്തുക്കൾക്കുവേണ്ടി ഒൻപത് വാട്ടിന്റെ രണ്ട് ബാറ്ററികൾ കൊലയാളികൾക്ക് വാങ്ങിക്കൊടുത്തുവെന്നായിരുന്നു സി.ബി.ഐ ഉന്നയിച്ച കുറ്റം.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും തമിഴ് പുലി സംഘമായ എൽ.ടി.ടി.ഇ അംഗവുമായ ശ്രീവരശനാണ് ഈ ബാറ്ററികൾ നൽകിയതെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സംഭവത്തിന് ഏതാനും ദിവസങ്ങൾക്കുമുൻപ് സ്വന്തം പേരിൽ വ്യാജവിലാസം നൽകി ബൈക്ക് വാങ്ങി. ചെറിയ പ്രായത്തിൽ തന്നെ തമിഴ്നാടിൻറെ വിവിധ ഭാഗങ്ങളിൽ എൽ.ടി.ടി.ഇ പ്രസിദ്ധീകരണങ്ങൾ വിറ്റുനടന്നു എന്നിങ്ങനെയായിരുന്നു സി.ബി.ഐ ചുമത്തിയ കുറ്റങ്ങൾ. അറസ്റ്റിന് പുറകെ പലരും പേരറിവാളിൻറെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിൻറെ പ്രധാനമന്ത്രിയാണെന്നതിനാൽ കേസ് ഏറെ ചർച്ച ചെയ്യപ്പെട്ടു.

ചെന്നൈയിൽ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അറസ്റ്റ്. അന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. പിതാവ് ഗണശേഖരൻ എന്ന കുയിൽദാസനും അർപ്പുതമ്മാളും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പെരിയാറിന്റെ അനുയായികളായിരുന്നു. മകൻ നിരപരാധിയാണെന്ന് പറഞ്ഞ് ഇത്രയും കാലത്തിനിടക്ക് അവർ മുട്ടാത്ത വാതിലുകളില്ല.

കൗമാര പ്രായത്തിൽ തന്നെ ജയിലിലായെങ്കിലും പേരറിവാളൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചില്ല. 2012ലെ പ്ലസ്ടു പരീക്ഷയിൽ 91.33 ശതമാനം മാർക്ക് നേടി തടവുപുള്ളികളിലെ റെക്കോർഡ് വിജയവും സ്വന്തം പേരിലാക്കി. ജയിലിലിരിക്കെ തന്നെ ഇഗ്നോയുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കി. തമിഴ്‌നാട് ഓപൺ സർവകലാശാലയുടെ ഡിപ്ലോമ കോഴ്‌സിൽ ഒന്നാമനായി സ്വർണ മെഡലും സ്വന്തമാക്കി.

വധശശിക്ഷയും നിയമപോരാട്ടവും

പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ അറസ്റ്റിനു പിന്നാലെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരം കേസെടുത്തു. 1998ൽ ടാഡ വിചാരണാകോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.1999 മെയിൽ കേസ് പരിഗണിച്ച സുപ്രീംകോടതി 19 പേരെ വെറുതെവിട്ടു. എന്നാൽ, മുരുകൻ, ഭാര്യ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ എന്നിവരിൽ നാലുപേർക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. കൂട്ടത്തിൽ പേരറിവാളനും ഉൾപ്പെട്ടു. കോടതിയിൽ സി.ബി.ഐ സമർപ്പിച്ച പേരറിവാളന്റെ കുറ്റസമ്മതം വിലയിരുത്തിയായിരുന്നു സുപ്രീംകോടതി ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

2000ത്തിൽ തമിഴ്‌നാട് സർക്കാർ നളിനിയുടെ ദയാഹരജി അംഗീകരിച്ചു. ബാക്കിയുള്ളവരുടെ ഹരജികൾ രാഷ്ട്രപതിക്ക് അയച്ചു. പ്രതികൾ സമർപ്പിച്ച ദയാഹരജിയിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. സംസ്ഥാന സർക്കാരിന് ഇവരെ വെറുതെവിടാനുള്ള അവകാശവും നൽകി. തൊട്ടടുത്ത ദിവസം അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഏഴു പ്രതികളെയും വെറുതെവിടുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഇത് പിന്നീട് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

2015ൽ പേരറിവാളൻ വീണ്ടും തമിഴ്‌നാട് ഗവർണർക്ക് ദയാഹരജി സമർപ്പിച്ചു. 2018ൽ എടപ്പാടി പളനിസാമി സർക്കാർ കേസിലെ ഏഴുപ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.

വാദങ്ങൾ ശക്തമാക്കിയത് സി.ബി.ഐ ഉദ്യോഗസ്ഥന്റെ ‘കുറ്റസമ്മതം’

കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിലുണ്ടായിരുന്ന വി. ത്യാഗരാജന്റെ ഒരു ‘കുറ്റസമ്മതമാ’ണ് പേരറിവാളന്റെ നിരപരാധിത്വം ശരിവയ്ക്കുന്ന തരത്തിലുള്ള വാദങ്ങൾ കൂടുതൽ ശക്തമാക്കിയത്. സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്നു ത്യാഗരാജൻ. മലയാളിയായ അന്തരിച്ച സുപ്രീംകോടതി ജഡ്ജി വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ആരംഭിച്ച പീപ്പിൾസ് മൂവ്‌മെന്റ് എഗെയിൻസ്റ്റ് ഡെത്ത് പെനാൽറ്റിയുടെ ഒരു ഡോക്യുമെന്ററിയിലായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ.

പേരറിവാളന്റെ മൊഴിയെടുക്കാനുള്ള ചുമതല ത്യാഗരാജനായിരുന്നു. അന്നു മൊഴി രേഖപ്പെടുത്തുമ്പോൾ പേരറിവാളൻ പറഞ്ഞതെല്ലാം അപ്പടി പകർത്തിയെഴുതിയിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.”ബാറ്ററി വാങ്ങിനൽകിയിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന കാര്യം തനിക്ക് അറിയുമായിരുന്നില്ലെന്ന് പേരറിവാളൻ പറഞ്ഞിരുന്നു. എന്നാൽ, അക്കാര്യം ഞാൻ കുറ്റസമ്മതത്തിൽ രേഖപ്പെടുത്തിയില്ല. പ്രതിയുടെ മൊഴി അപ്പടി അക്ഷരംപ്രതി രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും പ്രായോഗികമായി അങ്ങനെ നടക്കാറില്ല”-ഇങ്ങനെയായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ.

ഇക്കാര്യം സൂചിപ്പിച്ച് 2017ൽ ത്യാഗരാജൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. പേരറിവാളന്റെ മൊഴി വളച്ചൊടിച്ചെന്ന് വെളിപ്പെടുത്തി. മനസാക്ഷിക്കുമുന്നിൽ തെറ്റുകാരനാകാതിരിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു വെളിപ്പെടുത്തലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവർണർ എൻഎൻ രവി അംഗീകാരം നൽകിയിരുന്നില്ല. ഇക്കാര്യം രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തിൽ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവർണർക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പേരറിവാളൻ അവസാനമായി പരോളിൽ ഇറങ്ങിയത്.

നെഹ്റു കുടുംബവും കോൺ​ഗ്രസ് പാർട്ടിയും രണ്ടുതട്ടിൽ

രാജീവ് ഘാതകർക്ക് അദ്ദേഹത്തിന്റെ കുടുംബം മാപ്പു നൽകിയെങ്കിലും തങ്ങളുടെ നേതാവിന്റെ ദാരുണ മരണത്തിന് കാരണക്കാരായവരോട് ക്ഷമിക്കാൻ കോൺ​ഗ്രസ് പാർട്ടി തയ്യാറല്ല. ഒരുപക്ഷേ കോൺ​ഗ്രസ് പാർട്ടിയും നെ​ഹ്റു കുടുംബവും തമ്മിൽ രണ്ട് അഭിപ്രായം പറയുന്ന ഏക വിഷയവും ഇതു മാത്രമാകും. പേരറിവാളനെ മോചിപ്പിച്ചതിൽ വേദനയും നിരാശയുമുണ്ടെന്നായിുരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പ്രതികരിച്ചത്. നിസ്സാരവും വിലകുറഞ്ഞതുമായ രാഷ്ട്രീയത്തിനു വേണ്ടി, ഒരു മുൻപ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സാഹചര്യം കോടതിയിൽ കേന്ദ്രസർക്കാർ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തിന് ദുഃഖം നിറഞ്ഞ ദിവസമാണ് ഇന്ന്. പേരറിവാളനെ മോചിപ്പിച്ച നടപടിയിൽ ദുഃഖവും അമർഷവുമുള്ളത് കോൺഗ്രസുകാർക്കും മാത്രമല്ല, ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരന്മാർക്കും അതുണ്ടെന്നും സുർജെവാല കൂട്ടിച്ചേർത്തു.

ഭീകരവാദി ഭീകരവാദി തന്നെയാണ്. അങ്ങനെ വേണം പരിഗണിക്കാനും. ഇന്ന്, രാജീവ് ഗാന്ധിയുടെ ഘാതകനെ മോചിപ്പിക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ തീരുമാനത്തിൽ ഞങ്ങൾക്ക് ഗാഢമായ വേദനയും നിരാശയുമുണ്ട്. ഒരു മുൻപ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കുന്നത് അപലപനീയവും ഏറെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി ജീവത്യാഗം ചെയ്തത് രാജ്യത്തിനു വേണ്ടിയാണ് അല്ലാതെ കോൺഗ്രസിനു വേണ്ടിയല്ലെന്നും സുർജെവാല പറഞ്ഞു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്നും അവരെയെല്ലാം മോചിപ്പിക്കുമോ എന്നും അദ്ദേഹം ആരാഞ്ഞു.

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം വന്നത്. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ 2018-ൽ തമിഴ്നാട് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ശുപാർശ നീട്ടിക്കൊണ്ട് പോയ ഗവർണർ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാൻ ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാൽ ബാറ്ററി വാങ്ങി നൽകിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here