ക്വാർട്ടേഴ്സിന്റെ ഗേറ്റ് ദേഹത്ത് വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

0

മലപ്പുറം:​ ​ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരി മരിച്ചു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിലമ്പൂർ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

ക്വാർട്ടേഴ്സിന്റെ മതിലിനോട് ചേർന്നുള്ള​ ​ഗേറ്റാണ് കുഞ്ഞിന്റെ ദേ​ഹത്ത് കൂടി വീണത്. കുട്ടി കളിക്കുന്നതിനിടെയാണ് ​ഗേറ്റ് തകർന്നുവീണത്. സംഭവസമയത്ത് സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ ​ഗേറ്റിൽ കയറിയാതാകാം അപകടത്തിന് കാരണമായതെന്നാണ് നി​​​ഗമനം.

​ഗേറ്റിന് സമീപത്തിരുന്നാണ് കുഞ്ഞി കളിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു. ​ഗേറ്റിന്റെ അടിഭാ​ഗം തകർന്ന് കുട്ടിയുടെ ശരീരത്തിലൂടെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആളുപത്രിയിലേക്ക് പോകുന്നവഴിയാണ് മരിച്ചത്.

ഇന്ത്യക്ക് ഡബിൾ ധമാക്ക! വനിതകൾക്ക് പിന്നാലെ ഖോ ഖോയിൽ ലോകകിരീടം ചൂടി പുരുഷന്മാരും

0

ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന സ്കോറിനാണ് ഇന്ത്യ മുത്തമിട്ടത്. അത്യന്തം ആവേശകരമായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ജയം. പ്രതീക് വൈക്കറും കൂട്ടരും. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ 42-37 എന്ന സ്‌കോറിന് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു.ഇതിനു ശേഷം ആതിഥേയർ തങ്ങളുടെ അപരാജിത കുതിപ്പ് നിലനിർത്തുകയും സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ തുരത്തി ഫൈനലിന് ടിക്കറ്റെടുക്കുകയുമായിരുന്നു.

വനിത ടീമിനെ പോലെ ടോസ് നേടിയ നേപ്പാൾ പ്രതിരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് മുതലെടുത്ത ഇന്ത്യ പോയിൻ്റുകൾ വാരിക്കൂട്ടി. ഒരു മിനിട്ടിനുള്ളിൽ നേപ്പാളിലെ രണ്ടു പ്രതിരോധക്കാരെ പുറത്താക്കി. ടേൺ ഒന്നിൽ 26-ന് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ടേൺ 2 നേപ്പാൾ തിരിച്ചുവന്നു. ഇതവസാനിക്കുമ്പോൾ 26-18 ആയിരുന്നു സ്കോർ. എന്നാൽ മൂന്നാം ടേണിൽ ഇന്ത്യ കുതിപ്പ് തുടർന്നു. പോയിന്റ് നില 54-18 എന്നാക്കി ലീ‍ഡ് ഉയർത്തി. 78-40 എന്ന സ്കോറിനായിരന്നു വനിതകളുടെ ജയം.

നീണ്ട ദുരിത ജീവിതത്തിന് അവസാനം; ബന്ദികളാക്കിയ 3 യുവതികളെ ഹമാസ് മോചിപ്പിച്ചു; സ്വീകരിച്ച് ഇസ്രായേൽ സൈന്യം

0

ടെൽഅവീവ്: ​ഗാസയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ദികളാക്കപ്പെട്ട റോമി ​ഗോനെൻ, എമിലി ദമാരി, ഡോറോൺ സ്റ്റെയ്ൻബ്രെച്ചർ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. യുവതികളെ ഇസ്രായേൽ സൈന്യത്തിന് കൈമാറി.

വാഹനത്തിൽ വന്നിറങ്ങുന്ന യുവതികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ആരോ​ഗ്യനില ഡോക്ടർമാർ പരിശോധിച്ചു. ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഇസ്രായേൽ സേന അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാർ പ്രകാരം ദിവസവും മൂന്ന് ബന്ദികളെയാണ് മോചിപ്പിക്കുന്നത്. 95-ഓളം പാലസ്തീൻ തടവുകാരെയും ഇസ്രായേൽ സൈന്യം കൈമാറി.

അതേസമയം, വെടിനിർത്തൽ കരാർ ഒരിക്കലും ഇസ്രായേലിന്റെ ലക്ഷ്യത്തെ അവസാനിപ്പിക്കുന്നതല്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചെത്തിക്കും. ഹമാസിന്റെ സൈനിക കേന്ദ്രം തകർക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഗാസയെ ഹമാസ് കയ്യടിക്കിവച്ചിരിക്കുന്ന കാലത്തോളം സാമാധാനവും സുരക്ഷയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ​

വെടിനിർത്തൽ കരാർ താത്കാലികമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിനിടെ ഹമാസ് ചട്ടലംഘനം നടത്തിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ജല അതോറിറ്റിയുടെ പണി ജനത്തിന് വെള്ളം കൊടുക്കലാണ്’; ബ്രൂവറിക്ക് വീട്ടിൽ നിന്ന് എടുത്താണോ വെള്ളം കൊടുക്കുന്നതെന്ന് വി ഡി സതീശൻ

0

പാലക്കാട്‌: ഒയാസിസ് കമ്പനിക്ക് കഞ്ചിക്കോട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി കൊടുത്തതിൽ അഴിമതി നടന്നിട്ടു ഉണ്ട്, അതുകൊണ്ടാണ് രഹസ്യമാക്കി വച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി.എസ് അച്യുതാനന്ദൻ, എംപി വീരേന്ദ്രകുമാർ തുടങ്ങി നമ്മൾ ഓരോരുത്തരുടെയും സമരത്തിന്റെ ഭാ​ഗമായി പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റ് അടച്ചുപൂട്ടിയതാണ്. അവിടെയാണ് ദശലക്ഷകണക്കിന് ലിറ്റർ വെള്ളം ആവശ്യമുള്ള ഈ പ്ലാന്റ് തുടങ്ങുന്നത്.

ജല അതോറിറ്റി കൊടുക്കുമെന്ന് പറഞ്ഞാൽ അവർ വീട്ടിൽ നിന്ന് എടുത്താണോ കൊടുക്കുന്നത്? അവിടെയുള്ള സാധാരണക്കാർക്ക് വെള്ളം കൊടുക്കുക എന്നതാണ് ജന അതോറിറ്റി പണി. അതുവരെ പരാജയപ്പെട്ടിരിക്കുകയാണ്. മലമ്പുഴ ഡാമിൽ ആവശ്യത്തിനുള്ള വെള്ളമില്ല. പിന്നെങ്ങനെയാണ് ജലഅതോറിറ്റി ഈ കമ്പിനിക്ക് വെള്ളം കൊടുക്കുക? ഇത് ഭൂ​ഗർഭജലം ഊറ്റിയെടുക്കാൻ വേണ്ടിയുള്ള പദ്ധതിയാണ്. ജലക്ഷാമം ഉണ്ടാവുമെന്ന് ആദ്യദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. ഈ കമ്പിനിക്ക് മാത്രം കൊടുക്കാനായി ​ഗൂഢാലോചന നടന്നിരുന്നു. ഇടപാട് സുതാര്യമല്ല, അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മം നൽകിയതിനുള്ള ശിക്ഷ! അമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ കൊലവിളി; ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ച് പോയി

0

 

കോഴിക്കോട്: ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി..; എന്നാണ് അമ്മയെ വെട്ടിക്കൊന്ന ശേഷം പ്രതി ആഷഖി അലറി വിളിച്ചത്. താമരശ്ശേരിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. രണ്ടുതവണ നേരത്തെയും പ്രതി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി താമരശ്ശേരി സിഐ വ്യക്തമാക്കി. ലഹരിക്ക് അടിമയായ പ്രതി അമ്മയോട് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. മാതാവിന്റെ പേരിലുള്ള സ്ഥലം വിറ്റ് പണം നൽകണമെന്നും നിർബന്ധിച്ചിരുന്നു. അമ്മയെ വകവരുത്തുമെന്ന് ചിലരോട് ഇയാൾ പറഞ്ഞിരുതായും പൊലീസ് വ്യക്തമാക്കി.ആശുപത്രിയിൽ എത്തിക്കുമ്പോൾ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു.

താമരശ്ശേരി ഇരിങ്ങാപ്പുഴയ്‌ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു സുബൈദയെ അയൽപക്കത്ത് നിന്ന് വാങ്ങിയ കൊടുവാളിനാണ് വെട്ടിക്കൊലപ്പെടുത്തിയത്. തേങ്ങ പൊതിക്കാനെന്ന് പറഞ്ഞാണ് ഇയാൾ ആയുധം വാങ്ങിയത്. കൊലക്ക് ശേഷം വീട്ടിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസിൽ ഏൽപിച്ചത്. ഇതിനിടെ ഇയാൾ വീട്ടിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ച് പോയ ആഷിഖിന് മാതാവ് മാത്രമാണുള്ളത്.

മഹാകുംഭമേളയ്‌ക്കിടെ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് പൊലീസ്; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി

0

ലക്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെ തീപിടിത്തം. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടർ 19-ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ കത്തിനശിച്ചു. അ​ഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ വ്യാപകമായി പടർന്നുപിടിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തിയിട്ടുണ്ട്.

ടെന്റ് സിറ്റിയിൽ പാർപ്പിച്ചിരുന്ന ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പൊലീസിന്റെയും അ​ഗ്നിശമനസേനാം​ഗങ്ങളുടെയും സമയോചിതമായി ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. തീ ശ്രദ്ധയിൽപ്പെട്ടതോടെ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്.

തീപടരാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുംഭമേളയ്‌ക്കെത്തിയ തീർത്ഥാടകർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്.

സഞ്ജുവിനെ വേണ്ടെന്ന് ചില കൃമികൾ നേരത്തെ തീരുമാനിച്ചു! ക്യാമ്പിൽ പങ്കെടുക്കാത്തവർ വിജയ്ഹസാരെ കളിച്ചു; കെ.സി.എയ്‌ക്കെതിരെ ആഞ്ഞടിച്ച് സാംസൺ

0

ഇന്ത്യൻ താരം സഞ്ജു സാംസണെ വിജയ് ഹസാരെ ടീമിൽ നിന്ന് കെ.സി.എ മനഃപൂർവം ഒഴിവാക്കിയതെന്ന് പിതാവ് സാംസൺ വിശ്വനാഥൻ. ക്യാമ്പ് തുടങ്ങും മുൻപേ അവന്റെ പേര് അവർ വെട്ടി, അവനെ കളിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അതാരാണെന്ന് എനിക്കറിയാം. പ്രസിഡന്റ് ജയേഷ് ജോർജോ, സെക്രട്ടറി വിനോദോ ഒന്നുമല്ല. എനിക്കറിയാം, പക്ഷേ ഞാൻ പറയുന്നില്ല. ക്യാമ്പിൽ പങ്കെടുക്കാതിരുന്ന താരങ്ങളെ വിജയ് ഹസാരെ കളിപ്പിച്ചില്ലേ? ഇല്ലെന്ന് കെസിഎ പറയുമോ? ആ താരങ്ങളുടെ പേര് ഞാൻ പറയുന്നില്ലെന്നും സാംസൺ വ്യക്തമാക്കി.

ചില കൃമികളാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. അവരെ കാണുന്നിടത്തൊക്കെ സല്യൂട്ട് തെയ്തില്ലെങ്കിൽ വലിയ പ്രശ്നമാണ്. ഒരു നമസ്തേ പറയുന്നതിൽ പിഴവുണ്ടായാൽ വലിയ കുറ്റമാക്കും. മനുഷ്യരല്ലെ ചെറിയ പിഴവൊക്കെയുണ്ടാകും. മക്കളുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടായെങ്കിൽ എന്നെ വിളിക്കാമല്ലോ..

എന്തായാലും അവർ വിളിക്കുന്നിടത്ത് ചെന്ന് ഞാൻ പരിഹാരം കാണാൻ തയാറാണ്. കെസിഎയെ ഞാനും എന്റെ മക്കളും ഒരിടത്തും തള്ളി പറഞ്ഞിട്ടില്ല. വന്ന വഴി മറക്കുന്നവരല്ല. കെ.സി.എ ആണ് മക്കളെ ഇത്രയുമാക്കിയത്. പക്ഷേ മുൻ കെസിഎ പ്രസിഡന്റ ടിസി മാത്യു തന്നോട് മോശമായി പെരുമാറിയെന്നും സാംസൺ പറഞ്ഞു. സഞ്ജുവിന് മുൻപേ ഇന്ത്യൻ ടീമിലെത്തേണ്ടിയിരുന്നത് തന്റെ മൂത്ത മകനായ സലിയായിരുന്നു അവന്റെ അവസരങ്ങൾ ചിലർ നിഷേധിച്ചുവെന്നും സാംസൺ തുറന്നടിച്ചു.

തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു, മരിച്ചത് പൂനെ സ്വദേശികൾ

0

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പടുത്താമെന്ന് ഡിസിപി അറിയിച്ചു.

നിർത്തിയാലും സ്വയമേ കുതിക്കും; വിക്ഷേപണ വാഹനങ്ങളെ ശക്തിപ്പെടുത്തുന്ന വികാസ് എഞ്ചിന്റെ പുനരാംരംഭിക്കാനുള്ള കഴിവ് പരീക്ഷിച്ച് ഇസ്രോ; മറ്റൊരു നേട്ടം കൂടി

0

ബെം​ഗളൂരു: വീണ്ടും നേട്ടം കൈവരിച്ച് ഇസ്രോ. വിക്ഷേപണ വാഹനങ്ങൾ പുനരുപയോ​ഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. വിക്ഷേപണ വാഹനങ്ങളിലെ ലിക്വിഡ് സ്റ്റേജിനെ (L110) ശക്തിപ്പെടുത്തുന്ന വികാസ് ലിക്വിഡ് എഞ്ചിന്റെ പുനരാംരംഭിക്കാനുള്ള കഴിവ് വിജയകരമായി പരീക്ഷിച്ചു.

മഹേന്ദ്ര​ഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു പരീക്ഷണം. എഞ്ചിൻ ആദ്യം 60 സെക്കൻഡ് ജ്വലിച്ചു. തുടർന്ന് 120 സെക്കൻഡ് സമയത്തേക്ക് കെടുത്തി വീണ്ടും ഏഴ് സെക്കൻഡ് സമയത്തേക്ക് ജ്വലിപ്പിച്ചു. പരീക്ഷണസമയത്ത് എഞ്ചിന്റെ എല്ലാ ഘടകങ്ങളും സാധാരണനിലയിരുന്നെന്നും ഐഎസ്ആർഒ അറിയിച്ചു. മഹേന്ദ്രഗിരിയിലെ ഇസ്രോ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ സംയോജിപ്പിക്കുന്ന പത്താമത്തെ L110 ലിക്വിഡ് സ്റ്റേജാണിത്.

റോക്കറ്റ് ഭാ​ഗങ്ങളുടെ പുനരുപയോ​ഗത്തിനും വീണ്ടെടുക്കലിനും റീസ്റ്റാർട്ട് സാങ്കേതികവിദ്യ അത്യാവശ്യമാണ്. വരും ​ദിവസങ്ങളിൽ കൂടുതൽ പരീക്ഷണം നടത്തും. LMV3-യുടെ വികസനഘട്ടത്തിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ആണ് ലിക്വിഡ് ‌സ്റ്റേജ് വികസിപ്പിച്ചത്. വിക്രം അംബലാൽ സാരാഭായ് എന്ന പേരിൽ നിന്നാണ് ‘വികാസ്’ എന്ന നാമം വന്നത്. 110 ടൺ പ്രൊപ്പല്ലന്റ് ലോഡിം​ഗ് ഉള്ള ഇരട്ട എഞ്ചിനുകളാണ് കരുത്തേകുന്നത്.

പരീക്ഷണം വിജയകരമായതോടെ ഭാവിയിൽ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആർഒ അറിയിച്ചു. ഒരുകൂട്ടം ദ്രാവക ഇന്ധന റോക്കറ്റ് എഞ്ചിനുകളാണ് വികാസ് എഞ്ചിൻ. ആദ്യം ഫ്രാൻസിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്‌തിരുന്നത് പിന്നീട് തദ്ദേശീയമായി നിർമിച്ച് തുടങ്ങി.

ജനങ്ങളിൽ വിശ്വാസമേറുന്നു‌; 2014-ൽ വിറ്റഴിഞ്ഞത് 1.40 ദശലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ; കരുത്ത് പകരുന്നത് PLI സ്കീം: എച്ച്.ഡി കുമാരസ്വാമി

0

ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ വൻ മുന്നേറ്റം. കഴിഞ്ഞ വർഷം രാജ്യത്ത് 1.408 ദശലക്ഷം യൂണിറ്റ് ഇവികളാണ് രാജ്യത്ത് വിറ്റഴിഞ്ഞതെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. 5.59 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

14,08,245 വൈദ്യുത വാഹനങ്ങളാണ് 2024-ൽ വിറ്റഴിഞ്ഞത്. 2023-ൽ 10,22,994 വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ആ​ഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായ രം​ഗം വളർച്ചയുടെ പാതയിലാണെന്ന് കുമാരസ്വാമി ‌പറഞ്ഞു. കഴിഞ്ഞ വർഷം ആകെ 26.1 ദശലക്ഷം വാഹനങ്ങളാണ് വിൽപന നടത്തിയകത്. ഒൻപത് ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇലക്ട്രിക് വാഹനങ്ങളിൽ ജനങ്ങളുടെ വിശ്വാസമേറുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവിധ പ​ദ്ധതികളും ഇൻസെൻ്റീവുകളും ഇതിന് കരുത്ത് പകരുന്നു. 25,938 കോടി രൂപ ബജറ്റ് വിഹിതമാണ് ഓട്ടോമൊബൈൽ, ഓട്ടോ ഘടക വ്യവസായങ്ങൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്.

115 അപേക്ഷകളാണ് പദ്ധതിക്ക് കീഴിൽ ലഭിച്ചതെന്നും ഇതിൽ 82 എണ്ണത്തിന് അം​ഗാകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 42,500 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തിനകം 1.40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് വലിയ ഗുരുതി; തിരുനട നാളെ അടയ്‌ക്കും

0

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി. നട അടച്ചതിന് ശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി നടക്കുക.

നാളെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദർശനം. രാവിലെ 5-ന് നടതുറക്കും. തുടർന്ന് കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടക്കും. പിന്നാലെ രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തും. അദ്ദേഹം മടങ്ങിയ ശേഷം മേൽശാന്തി അയ്യപ്പനെ ഭസ്മാവിഭൂഷിതനാക്കി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ച് യോഗനിദ്യ‌യിലാക്കും. ഹരിവരാസനം പാടി ശ്രീലകത്തെ വിളക്കുകളണച്ച് മേൽശാന്തി പിന്നോട്ട് ചുവടുവച്ച് പുറത്തിറങ്ങി ശ്രീകോവിൽ നടയടയ്‌ക്കും.

തുടർന്ന് താക്കോൽക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേൽശാന്തിക്ക് തിരികെ നൽകും. തുടർന്നുള്ള ഒരു വർഷത്തെ പൂജകൾ നടത്താൻ അദ്ദേഹം നിർദ്ദേശിക്കും. തുടർന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

മാളുകളിലും ടർഫുകളിലും ‘ചില്ലറ’ വിൽപന: MDMAയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

0

കോഴിക്കോട്: ലഹരി വിൽപന നടത്തുന്ന സംഘത്തെ പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ്‌ ഫാരിസ്, കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ എന്നിവരെയാണ് കസബ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 16 ഗ്രാം MDMA പിടിച്ചെടുത്തു. പാളയം ജൂബിലി ഹാളിന് സമീപത്തു നിന്നാണ് സംഘത്തെ പിടികൂടിയത്.

മാളുകൾ, ഫുട്ബോൾ ടർഫുകൾ, പെരുമണ്ണ, മാങ്കാവ് അരയിടത്തുപാലം, പന്തിരങ്കാവ് എന്നീ ഭാഗങ്ങളിൽ ലഹരിവസ്തുക്കൾ ചില്ലറ വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. MDMA പിടികൂടിയ കേസിൽ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയ ആളാണ്‌ പിടിയിലായ മുഹമ്മദ്‌ ഫാരിസ്.

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പാലക്കാട്ടെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; മോഷ്ടാവിന്റെ ചിത്രം പുറത്ത്

0

പാലക്കാട്: ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിതായി പരാതി. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപം ഉള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു മുൻവശത്തെ ആൽമരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. ഇവിടെ നിന്ന് 5000 രൂപയോളം നഷ്ടമായി. ക്ഷേത്രത്തിൽ രാവിലെ തൊഴാൻ എത്തിയവരാണ് ഭണ്ഡാരം തുറന്ന നിലയിൽ ആദ്യം കണ്ടത്.

വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപം ഉള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രത്തിലെ ഭണ്ഡാരം തൊട്ടടുത്ത വളപ്പിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ പരിസരത്തെ വീടുകളിലെ ഗേറ്റ് തുറന്നിടുകയും പൂട്ടുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

50 വർഷം, 250 പുസ്തകങ്ങൾ; ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയ്‌ക്ക് ആദരം

0

കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലിക്ക് ആദരം അർപ്പിച്ച് സാഹിത്യ നഗരം. കോഴിക്കോട് നടന്ന സുവർണ ജൂബിലി ആഘോഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്.

തിരക്കേറിയ ജീവിതത്തിനിടയിൽ 250 പുസ്തകങ്ങൾ എഴുതുക എന്നത് വലിയ കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഗോവ തന്റെ ജന്മഭൂമിയാണ്. ഇപ്പോൾ കേരളമാണ് കർമഭൂമി. ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കും, മലയാളം സംസാരിക്കുകയും ചെയ്യും. രണ്ട് സംസ്ഥാനങ്ങൾക്കും സാംസ്കാരികമായും ചരിത്രപരമായും സമാനതകൾ ഏറെയുണ്ടെന്നും അർലേക്കർ ചൂണ്ടിക്കാട്ടി. പ്രിയ സഹോദരി, സഹോദരന്മാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് പൊതുപ്രവർത്തനമെന്ന് വിശ്വസിക്കുന്നതായി ​അർലേക്കർ കൂട്ടിച്ചേർത്തു. ഏതു പാർട്ടി പ്രവർത്തകനായാലും മനുഷ്യത്വമാണ് വേണ്ടത്. അത് ശ്രീധരൻപിള്ളയ്‌ക്കുണ്ട്. ഗോവയും കേരളവും നന്നായി മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. നല്ല രാഷ്‌ട്രീയക്കാരൻ ആവണമെങ്കിൽ, ആദ്യം നല്ല മനുഷ്യൻ ആവണം. നല്ല മനുഷ്യൻ ആയില്ലെങ്കിൽ സമൂഹത്തിന് ഒന്നും കൊടുക്കാൻ പറ്റില്ലെന്നും ​ഗവർണർ അർലേക്കർ പറഞ്ഞു.

വൈക്കത്ത്‌ വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം: വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി.

മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.