പാലക്കാട്: ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിതായി പരാതി. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപം ഉള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു മുൻവശത്തെ ആൽമരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. ഇവിടെ നിന്ന് 5000 രൂപയോളം നഷ്ടമായി. ക്ഷേത്രത്തിൽ രാവിലെ തൊഴാൻ എത്തിയവരാണ് ഭണ്ഡാരം തുറന്ന നിലയിൽ ആദ്യം കണ്ടത്.
വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപം ഉള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രത്തിലെ ഭണ്ഡാരം തൊട്ടടുത്ത വളപ്പിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ പരിസരത്തെ വീടുകളിലെ ഗേറ്റ് തുറന്നിടുകയും പൂട്ടുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

