ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി.

കൊല്‍ക്കത്ത ആർ ജി കർ ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകം: പ്രതി കുറ്റക്കാരന്‍

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. പ്രതി സഞ്ജയ് റോയ്‌യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിധി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറെ പ്രതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. സെമിനാര്‍ ഹാളിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് തന്നെ പ്രതി സഞ്ജയ് റോയ്‌യെ കസ്റ്റഡിയിലെടുത്തിരുന്നു. ഓഗസ്റ്റ് 13ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം പ്രകാരം അന്വേഷണം പൊലീസില്‍ നിന്നും സിബിഐക്ക് കൈമാറി. തുടര്‍ന്ന് 25 അംഗ ടീമിനെ സിബിഐ രൂപീകരിച്ചു.

സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് രാജിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞിട്ടും ഉടനടി പൊലീസിനെ അറിയിച്ചില്ലെന്നും, ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയായി അവതരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര വീഴ്ചയില്‍ സന്ദീപ് ഘോഷിന്റെ നുണപരിശോധനയും പൊലീസ് നടത്തിയിരുന്നു

കുറ്റപത്രത്തില്‍ കൂട്ട ബലാത്സംഗത്തെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ സഞ്ജയ് റോയ് ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്. മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ സിബിഐ കേസ് ഏറ്റെടുക്കുകയും ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. താന്‍ സെമിനാര്‍ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ യുവതി ബോധരഹിതയായിരുന്നുവെന്നായിരുന്നു സഞ്ജയ് പറഞ്ഞത്.

എന്നാല്‍ വിവരം എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് താന്‍ പരിഭ്രാന്തിയാലായതിനാലാണ് അറിയിക്കാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു മറുപടി. തന്നെ കേസില്‍ കുടുക്കുകയാണെന്നും സഞ്ജയ് റോയ് ആരോപിച്ചു. പിന്നാലെ നടന്ന അന്വേഷണത്തില്‍ സഞ്ജയ് റോയ് തങ്ങളോട് നുണപറയുകയാണെന്ന് സിബിഐക്ക് വ്യക്തമാകുകയായിരുന്നു.

രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയ കേസായിരുന്നു യുവ ഡോക്ടറുടെ കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ഡോക്ടര്‍മാര്‍ ആര്‍ ജി കര്‍ ആശുപത്രിയില്‍ നിന്ന് രാജി വെച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടും നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു; ഫൊറൻസിക് റിപ്പോർട്ടിൽ പ്രതികരണവുമായി ഗണേഷ് കുമാർ

സഹോദരിയുമായുള്ള സ്വത്ത് തർക്കത്തിൽ തനിക്ക് അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് വന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേശ് കുമാർ രംഗത്ത്. സത്യം തെളിയുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തന്നെ കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും ആണ് ഗണേശ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഗണേഷ് കുമാറിന്റെ വാക്കുകൾ

”സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം..എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ..സത്യം എപ്പോഴും മറഞ്ഞിരിക്കും..അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്..ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.”എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി മറ്റന്നാളത്തേക്ക് മാറ്റിയതായി റിപ്പോർട്ട്. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും കോടതി മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഗ്രീഷ്മ ഒരു കത്താണ് നൽകിയത്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിനൊപ്പം തന്റെ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ടെലിവിഷൻ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു

ഡൽഹി: ടെലിവിഷൻ താരം അമൻ ജയ്സ്വാൾ(22) വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 

‘ധർതിപുത്ര നന്ദിനി’ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടി.വി സീരിയലുകളിൽ വേഷമിട്ടിരുന്നു.

20 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശി പിടിയിൽ

20 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശി ഇടുക്കി കട്ടപ്പനയില്‍ പിടിയില്‍. ഇടുക്കി ഡാന്‍സാഫ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കട്ടപ്പന ഇടുക്കി കവലയില്‍ വച്ച് യുവാവിനെ പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.

തൃശൂർ വെൽക്കം ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച 7 പേർക്ക് ഭക്ഷ്യവിഷബാധ; ഷവർമ സെൻ്റർ അടപ്പിച്ച് ആരോഗ്യ വകുപ്പ്

0

തൃശൂർ: പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഷവർമ സെൻ്റർ അടപ്പിച്ചു. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബി സക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചത് വീട്ടിലേക്ക് പാഴ്സൽ കൊണ്ടുവന്നു മാതാവിനെ നൽകിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായി. ബുധനാഴ്ചയോടെ അസുഖം കൂടുതൽ രൂക്ഷമായതിനെ തുടർന്ന് വീട്ടുകാർ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷ്യവിഷബാധ സാരമായി ബാധിച്ചതായാണ് ചികിത്സിക്കുന്ന ഡോക്ടർ വിശദമാക്കുന്നത്.

ഇവരെ കൂടാതെ പൂവ്വത്തൂർ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു. രണ്ടുപേരെയും ചൂണ്ടൽ ആശുപത്രിയിലും പ്രവേശിച്ചിട്ടുണ്ട്. എളവള്ളി ആരോഗ്യവകുപ്പ് ഷവർമ സെൻറർ അടപ്പിച്ചു. ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകി.

സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025; യുവാക്കളെ ആവേശത്തിലാഴ്ത്തി ‘ഡാൻസ് കൊച്ചി’

0

കൊച്ചി: മലയാളം ഫ്രീ സ്റ്റൈൽ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കൾ. റാപ്പർമാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാൻഡ്, റാപ്പർ എം സി മാലാഖ, റാപ്പർ കൊളാപ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ കാണികൾക്ക് പുത്തൻ അനുഭവമായി. പനമ്പിള്ളി സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഡാൻസ് കൊച്ചി പരിപാടിയിൽ നൂറ് കണക്കിന് യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ജയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025ന് മുന്നോടിയായാണ് ‘ഡാൻസ് കൊച്ചി’ സംഘടിപ്പിച്ചത്. ഒരാഴ്ച നീളുന്നതാണ് പ്രചാരണ പരിപാടികൾ.

യുവതലമുറയുടെ സ‍ർ​ഗാത്മകത വള‍ർത്തുന്നതിനും കലാ സാംസ്കാരിക പ്രവ‍ർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് വിവിധയിടങ്ങളിൽ ‍ഡാൻസ് കൊച്ചി സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവകലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ വേദികൾ ഒരുക്കാൻ ജയിൻ യൂണിവേഴ്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ജയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

കൊച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ഡാൻസ് കൊച്ചിയുടെ ഭാ​ഗമാകുന്നതിനായി പനമ്പിള്ളി സെൻട്രൽ പാർക്കിലേക്ക് ഒഴുകിയെത്തിയത്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റി മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണെന്ന് യുവാക്കൾ പ്രതികരിച്ചു. യുവാക്കൾക്കൊപ്പം പ്രായം മറന്ന് നാട്ടുകാരും ഡാൻസ് കൊച്ചിയുടെ ഭാ​ഗമാകുന്ന മനോഹര ദൃശ്യങ്ങൾക്കാണ് പനമ്പിള്ളി സാക്ഷ്യം വഹിച്ചത്.

പരിപാടിയോടനുബന്ധിച്ച് സെൻട്രൽ പാ‍‍‍‍‍‌‌‍‍ർക്കിനു സമീപം വരച്ച ​ഗ്രാഫിറ്റി പെയ്ന്റിങ്ങുകൾ ആസ്വാദകരുടെ മനം കവ‍ർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഗ്രാഫിറ്റി ആർട്ടിസ്റ്റുകളായ അലൻ പാപ്പി, അർജുൻ, കോമിക് ആർട്ടിസ്റ്റുകളുടെ കമ്മ്യൂണിറ്റിയായ ‘ഫാൾ ഔട്ട് വേഴ്സ്’ എന്നിവരുടെ സംഘമാണ് ​ഗ്രാഫിറ്റി ചെയ്യുന്നത്. ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് അലൻ പാപ്പിയുടെ കഥാപാത്രങ്ങൾ. നാടിന്റെ നടപ്പ് രീതിയെ അട്ടിമറിക്കാൻ കഴിവുള്ളവരാണ് തന്റെ കോമിക്കുകളിലെ കഥാപാത്രങ്ങളെന്ന് അലൻ പാപ്പി പറഞ്ഞു. വരും ദിവസങ്ങളിൽ ക്വീൻസ് വേ, ഫോർട്ട് കൊച്ചി, ഇൻഫോ പാർക്ക്, പനമ്പിള്ളി, എന്നിവിടങ്ങളിൽ ‘ഡാൻസ് കൊച്ചി’യുടെ തുടർ പരിപാടികൾ നടക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് കൊച്ചി ജയിൻ യൂണിവേഴ്സിറ്റി രൂപകൽപ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ദ്ധർ സംസാരിക്കും. വിദ്യാർത്ഥികൾ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, പ്രൊഫഷണൽസ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ, സ്റ്റുഡന്റ്സ് ബിനാലെ, ഫ്‌ലീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്-7034044141/ 7034044242, https://futuresummit.in

കടൽ കടന്ന് ചെമ്മീനും ചൂരയും.. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി കവിഞ്ഞു

0

മുംബൈ: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയുടെ 1.78 ദശലക്ഷം മെട്രിക് ടൺ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചത്. എന്നാൽ ഇത്തവണ പ്രധാന കയറ്റുമതി വിപണികളിൽ നേരിടുന്ന വെല്ലുവിളികൾക്കിടയിലും മുൻവർഷത്തെ അപേക്ഷിച്ച് 2.67 ശതമാനം വർധനവുണ്ടായി.

ശീതീകരിച്ച ചെമ്മീനാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നം. അതേസമയം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, ചെമ്മീൻ, മത്സ്യ തീറ്റ ഉൽപ്പാദനം എന്നിവയ്‌ക്കുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) 5 ശതമാനമായി കുറയ്‌ക്കാൻ സർക്കാർ ആലോചിക്കുകയാണ്.

2024 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിൽ നിന്നും സമുദ്രോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്തത് അമേരിക്കയാണ്. 2.55 ബില്യൺ ഡോളറിന്റെ ഉത്‌പന്നങ്ങളാണ് യുഎസ് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തത്. ഇതിൽ 91.9 ശതമാനവും ശീതീകരിച്ച ചെമ്മീൻ ഉത്പന്നങ്ങളാണ്. രണ്ടാമത്തെ വലിയ വിപണി ചൈനയാണ്. 1.38 ബില്യൺ ഡോളറിന്റെ 451,000 മെട്രിക് ടൺ ഉത്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. മൂന്നാം സ്ഥാനത്ത് ജപ്പാനാണുള്ളത്. വിയറ്റ്‌നാം, തായ്‌ലൻഡ്, കാനഡ, സ്‌പെയിൻ, ബെൽജിയം, യുഎഇ, ഇറ്റലി എന്നീ രാജ്യങ്ങളിലും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.

അവസാന ശ്വാസംവരെ ഗ്രീഷ്മയെ വിശ്വസിച്ചു; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്, വിധി കേൾക്കാൻ കോടതിയിൽ ഉണ്ടാകുമെന്ന് യുവാവിന്റെ കുടുംബം

0

തിരുവനന്തപുരം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പാറശാലയിലെ ഷാരോൺ രാജിന്റെ കൊലപാതകകേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ​ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരനും കുറ്റക്കാരെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ​ജാമ്യം റദ്ദാക്കിയ കോടതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

തെളിവുകളുടെ അഭാവത്തിലാണ് ​ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടത്.​ഗ്രീഷ്മയ്‌ക്കെതിരെയുള്ള കൊലപാതകം, ​ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. 302, 328, 364, 201 വകുപ്പുകൾ പ്രകാരം ​ഗ്രീഷ്മ കുറ്റക്കാരിയാണ്.

തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നീ വകുപ്പുകളാണ് ​ഗ്രീഷ്മക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിച്ചതാണ് ​നിർമലകുമാരനെതിരെയുള്ള കുറ്റം. വിധി കേൾക്കാൻ കുടുംബത്തോടൊപ്പം കോടതിയിൽ ഉണ്ടാകുമെന്ന് ഷാരോണിന്റെ സഹോദരൻ പറ‍ഞ്ഞു.

2022 ഒക്ടോബർ 14-നാണ് ​ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം നൽകിയത്. സൈനികനുമായുള്ള വിവാഹത്തിന് തടസമാകും എന്ന കാരണത്താലാണ് ഷാരോണിനെ കൊലപ്പെടുത്താൻ ​ഗ്രീഷ്മ തീരുമാനിച്ചത്. അവശനിലയിലായി പല ആശുപത്രികളിലും ചികിത്സയിൽ കഴിഞ്ഞ ശേഷം ഒക്ടോബർ 25-നാണ് ഷാരോൺ മരിച്ചത്.

കത്തിയമർന്നത് 40,000 ഏക്കർ സ്ഥലം, ആഡംബര കെട്ടിടങ്ങളും വീടുകളും കത്തിചാമ്പലായി; ലോസ്ഏഞ്ചൽസിൽ കാലാവസ്ഥ മെച്ചപ്പെട്ടുവരികയാണെന്ന് അഗ്നിരക്ഷാസേന

0

ലോസ്ഏഞ്ചൽസ്: ലോസ്ഏഞ്ചൽസിൽ കാലാവസ്ഥ മെച്ചപ്പെടുകയാണെന്ന് അ​ഗ്നിരക്ഷാ സേന. കാട്ടൂതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആളിപ്പടരുന്ന തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഇനിയും സമയമെടുക്കുമെന്നും അ​ഗ്നിരക്ഷാ സേന അറിയിച്ചു.

കാലാവസ്ഥ അനുകൂലമായി വന്നതോടെ കാട്ടൂതീയുടെ ഭയാനകമായ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. തീ പൂർണമായും അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉഷ്ണകാറ്റ് വർദ്ധിച്ചതിനാൽ കാട്ടുതീ പെട്ടെന്ന് പടരുന്ന സാ​ഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ കാലാവസ്ഥയിൽ മാറ്റമുണ്ടെന്നാണ് അ​ഗ്നിരക്ഷാ സേന നൽകുന്ന റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത്.

ഉ​ഗ്രശബ്ദത്തോടെ പടരുന്ന കാട്ടുതീ ഭയാനകമായ അന്തരീഷമാണ് സൃഷ്ടിക്കുന്നത്. ഇരുനില കെട്ടിടങ്ങളുടെ ഉയരത്തിൽ ആളിപ്പടരുന്ന കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിരക്ഷാ സേന.

കാട്ടുതീ ഭയന്ന് പ്രാണരക്ഷാർത്ഥം ഓടിയവരൊക്കെ തിരികെ എത്താൻ തുടങ്ങിയിട്ടുണ്ട്. ‌കത്തിചാമ്പലായി കിടക്കുന്ന കെട്ടിടങ്ങളും വീടുകളും കണ്ട് ദുഃഖിതരായാണ് ആളുകൾ സ്ഥലത്ത് നിന്ന് മടങ്ങുന്നത്. തീ കത്തുന്ന സ്ഥലത്തേക്ക് ഒരാഴ്ച വരെ ആരും പ്രവേശിക്കരുതെന്ന് ഫയർഫോഴ്സ് അറിയിച്ചു.

40,000 ഏക്കർ സ്ഥലത്താണ് കാട്ടുതീ വ്യാപിച്ചത്. 20,000 കെട്ടിടങ്ങളും വീടുകളും കത്തിചാരമായി. പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും മറ്റ് മേഖലകളിലേക്ക് തീ പടരുന്നില്ല എന്ന ആശ്വാസത്തിലാണ് അ​ഗ്നിരക്ഷാ സേന.

ലോസ്ഏഞ്ചൽസിൽ 50 മില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, 80,000 ത്തിലധികം ആളുകളോട് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട് ബ്രൂവറി പഞ്ചായത്തിന്റെ അനുമതിയില്ലാതെ : ബ്രൂവറിയെ കുറിച്ച് അറിയില്ലെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്

0

പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് ബ്രൂവറിയ്‌ക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ പദ്ധതി തുടങ്ങാനാവില്ല. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാൽ ആറു മാസം മുമ്പ് വ്യവസായ വകുപ്പിൽ നിന്ന് ഓൺലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓൺലൈൻ യോ​ഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു.എന്നാൽ വ്യവസായ വകുപ്പ് മുഖേന ലൈസൻസ് എടുത്ത് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കയി അനുമതി ലഭിക്കും. 3 വർഷത്തിനകം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് അറിവെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു.

ബ്രൂവറിക്കായി അനുമതി നൽകിയത് അതീവ ജല ദൗർബല്യമുള്ള മേഖലയിലാണെന്നു അന്വേഷണത്തിൽ വ്യക്തമായി. മേഖലയിൽ കുഴൽക്കിണറിൽ പോലും വെള്ളം കിട്ടാറില്ലെന്ന് പ്രദേശവാസികൾ ജനം ടിവിയോട് പറഞ്ഞു. 2023 ജൂണിലാണ് എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡായ മണ്ണക്കാട്ടിൽ 24 ഏക്കറിൽ സംരംഭം ആരംഭിക്കാൻ ഒയാസിസ് കമ്പനി ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിച്ചത്.

പദ്ധതി വരുന്നത് നാട്ടുകാരെ ബാധിക്കുന്ന പ്രശ്നമാണ്. കൃഷിക്ക് വെള്ളം കിട്ടാതെ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ​ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. ഇങ്ങനെയൊരു പദ്ധതി ഇവിടെ വേണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

600 കോടിയിലേറെ രൂപയുടെ പദ്ധതി ആയതിനാൽ ഏകജാലകം വഴിയാണ് അപേക്ഷ സമർപ്പിച്ചത്. വൻകിട പദ്ധതി എന്ന നിലയിൽ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു .എന്നാൽ പിന്നീടുള്ള നീക്കങ്ങളെല്ലാം നടന്നത് തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ച് ആണെന്നാണ് അറിയുന്നത്.

ആർജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൊൽക്കത്ത കോടതി ഇന്ന് വിധി പറയും

0

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൊൽക്കത്തയിലെ സീൽദയിലെ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും.രാജ്യവ്യാപകമായ പ്രതിഷേധത്തിനും നൂറുകണക്കിന് ആളുകളുടെ നീണ്ട പ്രതിഷേധത്തിനും കാരണമായ സംഭവം വൻ വിവാദമായിരുന്നു.

കൊൽക്കത്ത പോലീസിൽ സിവിൽ വോളൻ്റിയറായിരുന്ന സഞ്ജയ് റോയ് ആണ് പ്രതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9 ന് സർക്കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.

സീൽദാ കോടതി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണ് വിധി പറയുക.സഞ്ജയ് റോയിക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ച് 57 ദിവസത്തിന് ശേഷമാണ് വിധി പറയുന്നത് .

ഓഗസ്റ്റ് 9 നു വടക്കൻ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിന്റെ മൂന്നാം നിലയിൽ ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പശ്ചിമ ബംഗാളിൽ ഉടനീളം ഡോക്ടർമാരുടെ ആദ്യ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഓഗസ്റ്റ് 10 നു കൊൽക്കത്ത പോലീസ് പ്രതി സഞ്ജയ് റോയിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തെ തുടർന്ന് ആർജി കാർ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചതുൾപ്പെടെ നിരവധി സംഭവ വികാസങ്ങൾ ഉണ്ടായി.

കൽക്കട്ട ഹൈക്കോടതി ഈ കേസ് “അങ്ങേയറ്റം ഭീകരം” എന്ന് വിശേഷിപ്പിക്കുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. കേസ് അന്വേഷിക്കാൻ 25 അംഗങ്ങൾ അടങ്ങുന്ന സിബിഐ സംഘം രൂപീകരിച്ചു. ഒക്ടോബർ 7 ന് കേസിൽ പ്രതിയായ സഞ്ജയ് റോയിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു .

മുഡ കേസ്: സിദ്ധരാമയ്യയുടെ ഭാര്യയുടെ അടക്കം 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

0

ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 142 സ്ഥാവര സ്വത്തുക്കൾ പിഎംഎൽഎ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഇഡി ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.

ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും മറ്റുള്ളവർക്കുമെതിരെ ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.300 കോടി (ഏകദേശം) വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്‌ക്ക്‌ മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും ലോകായുക്തയ്‌ക്ക് മുന്നിൽ പരാതി ഉയർന്നിരുന്നു.

ആശുപത്രിയില്‍ ഡോക്ടറുടെ കൈപിടിച്ച് നടന്ന് ഉമ തോമസ്

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസ് പതിയെ നടന്നു തുടങ്ങി. ആശുപത്രി മുറിക്കുള്ളില്‍ ഡോക്ടറുടേയും നഴ്‌സിന്റെയും കൈ പിടിച്ച് ചിരിച്ചു കൊണ്ടാണ് ഉമ തോമസ് നടന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ തോമസ് ചികിത്സയില്‍ കഴിയുന്നത്.

ഇങ്ങനെയൊരു കരുതലുണ്ടല്ലോ അത് തന്നെയാ എനിക്ക് ആശ്വാസമെന്ന് ഉമ തോമസ് ഡോക്ടറോട് പറഞ്ഞു. ആരോഗ്യ നിലയില്‍ വലിയ മാറ്റമുണ്ടായതിന് ശേഷം നിരവധി പേരാണ് ഉമ തോമസിനെ ദിവസവും ആശുപത്രിയില്‍ കാണാനെത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമെല്ലാം ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി നടത്തിയ നൃത്തപരിപാടിയില്‍ മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ്. എന്നാല്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ കെട്ടിയ വേദിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും ശ്വാസകോശത്തിനും പരിക്കേറ്റു.