ടെൽഅവീവ്: ഗാസയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ദികളാക്കപ്പെട്ട റോമി ഗോനെൻ, എമിലി ദമാരി, ഡോറോൺ സ്റ്റെയ്ൻബ്രെച്ചർ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. യുവതികളെ ഇസ്രായേൽ സൈന്യത്തിന് കൈമാറി.
വാഹനത്തിൽ വന്നിറങ്ങുന്ന യുവതികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഇസ്രായേൽ സേന അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാർ പ്രകാരം ദിവസവും മൂന്ന് ബന്ദികളെയാണ് മോചിപ്പിക്കുന്നത്. 95-ഓളം പാലസ്തീൻ തടവുകാരെയും ഇസ്രായേൽ സൈന്യം കൈമാറി.
അതേസമയം, വെടിനിർത്തൽ കരാർ ഒരിക്കലും ഇസ്രായേലിന്റെ ലക്ഷ്യത്തെ അവസാനിപ്പിക്കുന്നതല്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചെത്തിക്കും. ഹമാസിന്റെ സൈനിക കേന്ദ്രം തകർക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഗാസയെ ഹമാസ് കയ്യടിക്കിവച്ചിരിക്കുന്ന കാലത്തോളം സാമാധാനവും സുരക്ഷയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാർ താത്കാലികമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിനിടെ ഹമാസ് ചട്ടലംഘനം നടത്തിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.