ബെംഗളൂരു: വീണ്ടും നേട്ടം കൈവരിച്ച് ഇസ്രോ. വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. വിക്ഷേപണ വാഹനങ്ങളിലെ ലിക്വിഡ് സ്റ്റേജിനെ (L110) ശക്തിപ്പെടുത്തുന്ന വികാസ് ലിക്വിഡ് എഞ്ചിന്റെ പുനരാംരംഭിക്കാനുള്ള കഴിവ് വിജയകരമായി പരീക്ഷിച്ചു.
മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു പരീക്ഷണം. എഞ്ചിൻ ആദ്യം 60 സെക്കൻഡ് ജ്വലിച്ചു. തുടർന്ന് 120 സെക്കൻഡ് സമയത്തേക്ക് കെടുത്തി വീണ്ടും ഏഴ് സെക്കൻഡ് സമയത്തേക്ക് ജ്വലിപ്പിച്ചു. പരീക്ഷണസമയത്ത് എഞ്ചിന്റെ എല്ലാ ഘടകങ്ങളും സാധാരണനിലയിരുന്നെന്നും ഐഎസ്ആർഒ അറിയിച്ചു. മഹേന്ദ്രഗിരിയിലെ ഇസ്രോ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ സംയോജിപ്പിക്കുന്ന പത്താമത്തെ L110 ലിക്വിഡ് സ്റ്റേജാണിത്.
റോക്കറ്റ് ഭാഗങ്ങളുടെ പുനരുപയോഗത്തിനും വീണ്ടെടുക്കലിനും റീസ്റ്റാർട്ട് സാങ്കേതികവിദ്യ അത്യാവശ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണം നടത്തും. LMV3-യുടെ വികസനഘട്ടത്തിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ആണ് ലിക്വിഡ് സ്റ്റേജ് വികസിപ്പിച്ചത്. വിക്രം അംബലാൽ സാരാഭായ് എന്ന പേരിൽ നിന്നാണ് ‘വികാസ്’ എന്ന നാമം വന്നത്. 110 ടൺ പ്രൊപ്പല്ലന്റ് ലോഡിംഗ് ഉള്ള ഇരട്ട എഞ്ചിനുകളാണ് കരുത്തേകുന്നത്.
പരീക്ഷണം വിജയകരമായതോടെ ഭാവിയിൽ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആർഒ അറിയിച്ചു. ഒരുകൂട്ടം ദ്രാവക ഇന്ധന റോക്കറ്റ് എഞ്ചിനുകളാണ് വികാസ് എഞ്ചിൻ. ആദ്യം ഫ്രാൻസിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്‌തിരുന്നത് പിന്നീട് തദ്ദേശീയമായി നിർമിച്ച് തുടങ്ങി.