കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍

0

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജനുവരി 25 ന് ആരംഭിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി സംഘടിപ്പിച്ച സിഇഒ ലഞ്ചിയോണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാഠ്യ പദ്ധതിയും വ്യവസായ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച ലഞ്ചിയോണില്‍ നിരവധി ഐടി കമ്പനികളിലെ വിദദ്ധര്‍ ഭാവിയെ കുറിച്ചുള്ള ആശയങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെച്ചു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പോലുള്ള പ്ലാറ്റ്ഫോമുകളുടെ ആവശ്യകത അനിവാര്യമാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഇത്തരം സമ്മിറ്റുകള്‍ ഉള്‍ക്കാഴ്ചകളും ട്രെന്‍ഡുകളും പുതുമകളും പങ്കിടുന്നതിനും വ്യവസായ പ്രമുഖരെയും പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്നതിനും സഹായകമാകും. ആഗോളതലത്തിലെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്ന രീതിയില്‍ കൊച്ചിയെ കൂടുതല്‍ തൊഴിലുടമ സൗഹൃദ നഗരമാക്കേണ്ടതിന്റെ പ്രാധാന്യവും ലഞ്ചിയോണില്‍ ചര്‍ച്ചയായി.

വ്യവസായ, വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും സാങ്കേതികവിദ്യ വിദഗ്ദ്ധര്‍ പറഞ്ഞു. പ്രമുഖ ഐടി കമ്പനികളായ ഇവൈ, ടിസിഎസ്, വിപ്രോ, ഐബിഎം, കെപിഎംജി, ഐബിഎസ് എന്നിവടങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

രാജ്യത്താദ്യമായി ഒരു സര്‍വ്വകലാശാല ഭാവിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഉച്ചകോടിക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറ്ക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. പരമ്പരാഗത വിദ്യാഭ്യാസ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡസ്ട്രിയുടെ ആവശ്യകത മനസിലാക്കിയുള്ള വിദ്യാഭ്യാസമാണ് പുതുതലമുറയ്ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്‌നോളജി രംഗത്തെ മാറ്റങ്ങള്‍ അതിവേഗമാണെന്നും നൂതന ആശയങ്ങളിലൂടെ സുസ്ഥിര വളര്‍ച്ച കൈവരിക്കുവാന്‍ നമുക്ക് സാധിക്കുമെന്നും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ. ഡോ ജെ ലത അഭിപ്രായപ്പെട്ടു. സുസ്ഥിരത, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, സമാധാനം എന്നീ വിഷയങ്ങളില്‍ ആഗോള രാജ്യങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം എന്താണെന്ന് ഊന്നിപ്പറയുന്നത് കൂടിയായിരിക്കും കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് അവര്‍ പറഞ്ഞു.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ഉച്ചകോടിയില്‍ സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക്കല്‍ ഇവന്റ് ഒഴികെ മറ്റെല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് അമ്പത് രൂപ മുതലാണ് പ്രവേശന ഫീ. സുസ്ഥിരത,ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ,സ്റ്റുഡന്റ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്-7034044141/ 7034044242,https://futuresummit.in/

മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്താനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഉൾക്കാട്ടിലേക്ക് വലിഞ്ഞ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്താനായില്ല. തുടർന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയെ കണ്ടെത്താൻ രാത്രിയിലും നിരീക്ഷണം തുടരും.

ആനയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്നാണ് ഡോ. അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നത്. അങ്ങനെയിരിക്കെ രക്ഷാദൗത്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 50 അംഗ സംഘമാണ് ഇന്ന് ആനക്കായി തിരച്ചിൽ നടത്തിയത്. എന്നാൽ ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ആന ഉൾവനത്തിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള സാധ്യതയുള്ളതിനാലാണ് രാത്രി നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന തെരച്ചിലിൽ മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. കഴിഞ്ഞദിവസം നടന്ന തിരച്ചിലിൽ മൂന്ന് സ്ഥലങ്ങളിലായി ആനയെ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ സ്ഥലം നിർവചിക്കാനോ ആനയെ മയക്കുവെടി വെക്കാനോ സാധിച്ചിരുന്നില്ല. കാലടി പ്ലാന്റേഷന് ഉള്ളിൽ വിവിധ സ്ഥലങ്ങളിൽ ആനയെ ഇന്നലെ കണ്ടെത്തിയിരുന്നു എന്നാൽ മനുഷ്യ സാമിപ്യം തിരിച്ചറിഞ്ഞ ആന പ്ലാന്റേഷൻ തോട്ടങ്ങൾ കടന്ന് കാട്ടിലേക്ക് കയറിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്.

കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ നാല് പ്രതികൾക്കും ജാമ്യം

കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്കും ജാമ്യം. മൂവാറ്റുപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പാർട്ടി പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ അറ് മുതൽ ഒമ്പത് വരെയുളള പ്രതികളാണ് ഇവർ. ഇന്ന് വൈകുന്നേരത്തോടെ ഇവർ ജയിൽ മോചിതരാകും എന്നാണ് ലഭിക്കുന്ന വിവരം.

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി
വ്യക്തമാക്കി. ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം വാദിച്ചു.

ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 2024 ഡിസംബറിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അവ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം, തീവെട്ടികളില്‍ നിന്നും അഞ്ച് മീറ്റര്‍ ദൂരപരിധി വേണം, ആനകളില്‍ നിന്നും എട്ട് മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താന്‍ പാടുള്ളൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയത്. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ജയിൽ അധികൃതർ മുടി മുറിച്ചു; യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം

കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു.തൃശൂർ ജില്ലാ ജയിലിലെ ജയിൽ അധികൃതർ ആണ് മുടി മുറിച്ച് മാറ്റിയത്. മുടി മുറിച്ചുമാറ്റിയതോടെ മുഹമ്മദ് ഷഹീൻ ഷായെ തിരിച്ചറിയാൻ പോലും പറ്റാത്ത നിലയായിരുന്നു. ഇതോടെയാണ് മാനസികനില താളം തെറ്റിയത്.മാനസിക പ്രശ്നത്തെ തുടർന്ന് മണവാളനെ തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയിൽ അധികൃതരുടെ നടപടി. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

കേസില്‍ റിമാന്‍ഡിലായ പ്രതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോൾ സുഹൃത്തുക്കളെക്കൊണ്ട് റീല്‍സ് ചിത്രീകരിപ്പിച്ചിരുന്നു.ശക്തമായി തിരിച്ചുവരുമെന്ന് റീൽസിൽ മണവാളൻ തന്റെ ആരാധകരോട് പറഞ്ഞിരുന്നു.

നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് ആശ്വാസം; കായികമേള വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പങ്കെടുക്കുന്നതിനു രണ്ട് സ്കൂളുകളെ വിലക്കിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിൻവലിച്ചു. തിരുനാവായ നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ തീരുമാനമാണ് പിൻവലിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിലാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടികളുടെ അവസരം നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് വിലക്ക് പിൻവലിച്ചത്. വിലക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് രേഖാമൂലം നിരവധി പേർ പരാതി നൽകിയിരുന്നു. മാത്രമല്ല പ്രതിഷേധിച്ചതിൽ സ്കൂളുകൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിലക്കേർപ്പെടുത്തി പൊതു വിദ്യാഭ്യസ ഡയറക്ടർ ഇറക്കിയ ഉത്തരവ് റദ്ദാക്കും. വിലക്ക് നീക്കിയുള്ള പുതിയ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുറത്തിറക്കും.

നവംബറിൽ എറണാകുളത്തു നടന്ന കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ചതിനാണ് മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കായിക മേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിലക്കാനുള്ള തീരുമാനം വന്നത്.

കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ട് സ്‌കൂളുകളുടെയും നിലപാട്. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്നു വിലക്കിയ സര്‍ക്കാരിന്റെ നടപടി.

എഎപി സർക്കാർ നടത്തിയത് 382കോടിയുടെ അഴിമതി; ആരോപണവുമായി കോൺഗ്രസ് രംഗത്ത്

0

ന്യൂഡൽഹി: ഡൽഹിയിലെ എഎപി സർക്കാർ ആരോഗ്യമേഖലയിൽ നടത്തിയത് 382 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എഎപിക്കു നേരെയുള്ള കോൺഗ്രസിന്റെ അഴിമതി ആരോപണം. ആംആദ്മി പാർട്ടി നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് 14 സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും അവയിൽ ഒന്നുപോലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഒരു പുതിയ ആശുപത്രി പോലും നിർമിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് സർക്കാർ നിർമാണം തുടങ്ങിവച്ച 3 ആശുപത്രികൾ പൂർത്തിയാക്കുക മാത്രമാണ് എഎപി ചെയ്തത്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ നിർമാണത്തിൽ 5 വർഷത്തെ കാലതാമസമുണ്ടായി. ടെൻഡർ തുകയേക്കാൾ 314.9 കോടി രൂപയാണ് നിർമ്മാണത്തിനായി അധികമായി ചെലവാക്കിയത്. ബുറാഡി ആശുപത്രി 6 വർഷവും മൗലാന ആസാദ് ഡെന്റൽ ആശുപത്രി 6 വർഷവും വൈകിപ്പിച്ചു.

ബുറാഡി ആശുപത്രിക്ക് 41.26 കോടി രൂപയും മൗലാന ആസാദ് ഡെന്റൽ ആശുപത്രിക്ക് 26.36 കോടി രൂപയും അധികമായി ചെലവഴിച്ചു. സിഎജി റിപ്പോർട്ട് പ്രകാരം, 2007 നും 2015 നും ഇടയിൽ ആശുപത്രി നിർമാണത്തിനായി 15 സ്ഥലങ്ങൾ ഏറ്റെടുത്തു. ആശുപത്രികളും ഡിസ്പെൻസറികളും നിർമിക്കേണ്ടതായിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ജോലിയും ആരംഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അഴിമതിയിൽ അന്വേഷണം നടത്താൻ ലഫ്റ്റനന്റ് ഗവർണർ ഉത്തരവിടണമെന്നും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദ്ര യാദവ്, കോൺഗ്രസ് നേതാവ് അജയ് മാക്കൻ എന്നിവർ ആവശ്യപ്പെട്ടു.

പാഴാക്കിയത് കളഞ്ഞ തുകയുടെ കണക്കുകളും കോൺഗ്രസ് ചൂണ്ടിക്കാട്ടി. 2,623 കോടി രൂപയോളമാണ് പാഴാക്കിക്കളഞ്ഞത്. 2016-17 മുതൽ 2021-22 വരെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുവദിച്ച പണത്തിൽ നിന്ന് 2,623 കോടി രൂപ കാലാവധി കഴിഞ്ഞതിനാൽ പാഴായിപ്പോയി. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച 635.62 കോടി രൂപയിൽ 56.74 ശതമാനം (360.64 കോടി രൂപ) ചെലവഴിച്ചിട്ടില്ല. 2016-17 മുതൽ 2020-21 വരെയുള്ള 4 വർഷത്തെ ബജറ്റിൽ ആശുപത്രി കിടക്കകളുടെ എണ്ണം 1,235 ആയി വർധിപ്പിക്കാൻ തുക വകയിരുത്തിയെങ്കിലും 3.86 ശതമാനം വർധനവേയുണ്ടായുള്ളൂ. എൽഎൻജെപി ആശുപത്രിയിൽ പൊള്ളലേറ്റവർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള ഓപ്പറേഷൻ തിയറ്റർ പ്രവർത്തന രഹിതമാണ്. ആശുപത്രികളിൽ 21 ശതമാനം നഴ്‌സുമാരുടെയും കുറവുണ്ട്. ചില ആശുപത്രികളിൽ 34 ശതമാനം വരെ ഒഴിവുകൾ നികത്തിയിട്ടില്ല. പാരാമെഡിക്കൽ ജീവനക്കാർ 30 ശതമാനം കുറവുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ 30 ശതമാനം കുറവും നോൺ-സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ 28 ശതമാനം കുറവും, മെഡിക്കൽ ഓഫിസർമാരുടെ 9 ശതമാനം കുറവുമുണ്ട്.

‘കേന്ദ്ര വിമര്‍ശനമുണ്ടെങ്കിലും ഭരണഘടനാ ചുമതല നിര്‍വഹിച്ചു’ ; ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിച്ച ഗവര്‍ണറുടെ നടപടിയെയാണ് എം വി ഗോവിന്ദന്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകീര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെങ്കിലും അതിന്റെ പേരില്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നത് സ്വാഗതാര്‍ഹമാണ്. ഗോവിന്ദന്‍ ലേഖനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി ലക്ഷ്യംവെയ്ക്കുന്ന നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തനായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഗവര്‍ണറുടെ ഭാഗത്തു നിന്നും സമാനമായ സമീപനം പ്രതീക്ഷിക്കുന്നു.

ബിഹാറിലേക്ക് സ്ഥലംമാറിപ്പോയ മുന്‍ ഗവര്‍ണര്‍ കഴിഞ്ഞ വര്‍ഷം പോലും ഒന്നര മിനിറ്റ് മാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാന്‍ കഴിയുന്നതല്ല. രണ്ട് മണിക്കുറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വരച്ചിട്ടത് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവകേരള നിര്‍മാണത്തിന്റെ പുരോഗതിയാണെന്നും എംവി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.

ആതിര കൊലപാതകം: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്തെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് തക്കം പാര്‍ത്ത് ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പൊലീസ് റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

ഹാസ്യനടൻ കപിൽ ശർമയ്‌ക്ക് വധഭീഷണി; സന്ദേശമെത്തിയത് പാകിസ്താനിൽ നിന്ന്

0

ന്യൂഡൽഹി: ബോളിവുഡിലെ ഹാസ്യനടൻ കപിൽ ശർമയ്‌ക്ക് വധഭീഷണി. കപിൽ ശർമയുടെ കുടുംബത്തിനും ബന്ധുക്കൾക്കും അയൽക്കാർക്കുമെതിരെ വധഭീഷണിയുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു. നടൻ രാജ്പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, സുഗന്ധ മിശ്ര തുടങ്ങിയ പ്രമുഖർക്കും സമീപകാലത്ത് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

പാകിസ്താനിൽ നിന്നാണ് ഭീഷണി സന്ദേശമടങ്ങുന്ന ഇമെയിൽ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. “ഞങ്ങൾ നിങ്ങളുടെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. അതീവ പ്രാധാന്യമുള്ള ഒരു കാര്യം ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല. ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യ സ്വഭാവത്തോടെയും കൈകാര്യം ചെയ്യുക,” -എന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്.

‘ബിഷ്ണു’ എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. എട്ട് മണിക്കൂറിനുള്ളിൽ മറുപടി വേണമെന്നും അല്ലാത്തപക്ഷവും വ്യക്തിപരമായും തൊഴിൽമേഖലയിലും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) പ്രകാരം അജ്ഞാതനായ ഒരാൾക്കെതിരെ അംബോലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖരുടെ പരാതികളിൽ രജിസ്റ്റർ ചെയ്‍ത കേസുകളിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ജൽഗാവ് ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി റെയിൽവേ; അനുശോചിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽ​​ഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് 1.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. ധനസഹായത്തുക മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ​ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവർക്ക് 5,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാരുടെ അതിദാരുണ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 13 പേരുടെ ജീവനെടുത്ത ട്രെയിൻ അപകടം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേ​ഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്രെയിൻ അപകടത്തിൽ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തിലധികം യാത്രക്കാർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവരെ ജൽ​ഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. പുഷ്പക് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപെട്ടത്. പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും പുറത്തേക്ക് ഇറങ്ങി ട്രാക്കിൽ നിൽക്കുകയുമായിരുന്നു. ഈ സമയത്താണ് കർണാടക എക്സ്പ്രസ് പാഞ്ഞെത്തിയത്.

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍. കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

അതേസമയം, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമാണ് പള്‍സര്‍ സുനിയുടെ വാദം. ഈ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ചേന്ദമംഗലം കൂട്ടക്കൊലയിൽ പശ്ചാത്താപമില്ല, ജിതിൻ  കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

കൊച്ചി: ചേന്ദമംഗലം  കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് റിതു അടിച്ചുകൊലപ്പെടുത്തിയത്.

ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നും പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞു.

റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്.

വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിന്‍റെ കസ്റ്റഡി അവസാനിക്കും. ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.

കാട്ടുതീ: 30,000 പേരെ മാറ്റി പാര്‍പ്പിക്കും; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ട്രംപ് എത്തുന്നു

വാഷിംഗ്ടണ്‍: ലോസ്ഏഞ്ചല്‍സിലെ കാട്ടുതീയെ തുടര്‍ന്ന് പ്രദേശത്ത് 30,000 ആളുകളെ മാറ്റി പാര്‍ക്കും. കാട്ടുതീയില്‍ നിന്ന് ലോസ്ഏഞ്ചല്‍സ് ഒരു വിധത്തില്‍ കരകേറുന്നതിനിടെയാണ് രണ്ടിടങ്ങളിലായി വീണ്ടും കാട്ടുതീയുണ്ടായത്. കാട്ടുതീ മണിക്കൂറുകള്‍ക്കകം ഒരു പ്രദേശമാകെ പടര്‍ന്ന് പിടിക്കുകയായിരുന്നു. വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വരുന്ന ദിവസം ലോസ്ഏഞ്ചല്‍സില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

തീ പടരുന്ന പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 19,000 ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെയുണ്ടായ അവസ്ഥയേക്കാള്‍ അതിഭയാനകമായ അന്തരീക്ഷമാണ് ലോസ്ഏഞ്ചല്‍സില്‍ നിലവിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ലോസ്ഏഞ്ചല്‍സില്‍ ഏഴ് സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്. കൂടുതല്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീയണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ഗാലന്‍ വെള്ളം വഹിക്കാന്‍ കഴിയുന്ന രണ്ട് സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. ലോസ്ഏഞ്ചല്‍സിലെ ജയിലുകളില്‍ കഴിയുന്ന 4,600- ലധികം തടവുകാരെ വിവിധയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കും. തീ നിയന്ത്രണവിധേയമാകാന്‍ പ്രയാസമാണെന്നും എന്നാലും കൂടുതല്‍ സേനാംഗങ്ങളെ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അഗ്‌നിശമന സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഒബിസി പട്ടിക പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒബിസി പട്ടിക പുതുക്കി സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.

കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം.

ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോഗത്തിലാണ് ഒബിസി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.