തിരുവനന്തപുരം : കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
പെരുമാതുറയിലെ മുറിയിൽ നിന്ന് കൃത്യം നടന്ന ദിവസം രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. ആതിര കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു.
ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയം കയ്യിൽ കരുതുന്ന കത്തി മുറിക്കുള്ളിലെ മെത്തയ്ക്കുള്ളിൽ സൂക്ഷിച്ചു.
പിന്നീട് ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിലായിരുന്നു മെത്തക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തി വലിച്ചത്. പിന്നീട് ജോൺസൺ ഇട്ടിരുന്ന ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചു.
ആതിരയുടെ സ്കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.
മജിസ്ട്രേറ്റ് ജോണ്‍സന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. കുറിച്ചിയിൽ ഇയാൾ ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നുമാണ് ചിങ്ങവനം പൊലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്
ആതിരയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ: ജോൺസന്റെ മൊഴി പുറത്ത്
മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് കണ്ടെത്തിയതല്ലേ? ജുഡീഷ്യല്‍ കമ്മിഷന് എന്തു കാര്യം?; വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റേത് ജനങ്ങളുടെ കണ്ണിയില്‍ പൊടിയിടാനുള്ള തന്ത്രം ആണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മുനമ്പത്തെ കോടതി കണ്ടെത്തിയ ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന സാധ്യമല്ല. കോടതി കണ്ടെത്തിയ ഭൂമി ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. വഖഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് 2010 ല്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വേണ്ടത്ര നിയമപരിശോധന കൂടാതെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു ഭൂമിയുടെ ടൈറ്റില്‍ തീരുമാനിക്കുള്ള അവകാശം സിവില്‍ കോടതിക്കാണ്. ആ അവകാശത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന സിവില്‍ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളത്. അത് എങ്ങനെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ആയി വരുന്നു?. ഈ ഭൂമി ഒഴിവാക്കിയല്ല ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. കോടതി തീരുമാനിച്ച ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് അത്ഭുതങ്ങളുടെ എന്തു പെട്ടിയാണ് തുറക്കാന്‍ പോകുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബുധനാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെയാണ് സര്‍ക്കാര്‍, റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. കമ്മീഷന്‍ സിറ്റിങ്ങുകള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍.
വീണ്ടും ജീവനെടുത്ത് കടുവ; വയനാട്ടില്‍ സ്ത്രീ കൊല്ലപ്പെട്ടു
കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.
വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.
‘ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു’; കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിക്കാൻ കെ സുധാകരൻ
കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാൻ കെ സുധാകരൻ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കെസി വേണുഗോപാലിനെ നാളെ കെ സുധാകരൻ നേരിട്ട് കാണും. സംസ്ഥാനത്ത് പുനഃസംഘടന ചർച്ച ചൂടപിടിക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന ചർച്ചകളിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. കെ സി വേണുഗോപാലിലൂടെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് പുതിയ നീക്കം.തന്നെ മാറ്റാൻ വേണ്ടിയാണോ ദീപദാസ് മുൻഷി ഓരോ നേതാക്കളെയും നേരിൽ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളായി മുതിർന്ന നേതാക്കളെ ദീപദാസ് മുൻഷി കണ്ടിരുന്നു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്ന് സുധാകരൻ ചോദിക്കുന്നു.
നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദീപ ദാസ് മുൻഷി ഒറ്റയ്ക്ക് നേതാക്കളെ കാണുന്നത് അവർക്ക് വിശ്വാസമില്ലാത്തതിനാലാണെന്നാണ് കെ സുധാകരൻ പറഞ്ഞിരുന്നത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ്. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്ടിരുന്നു. കെപിസിസിയിൽ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനും ഉള്ളത്.
കലി പൂണ്ട കൊമ്പൻ ജീപ്പ് കുത്തി മറിച്ചിട്ടു, കുഴിയിലേക്ക് വീണ് യാത്രക്കാർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോയമ്പത്തൂർ: ആളിയാർ മേഖലയിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ യാത്ര ചെയ്ത ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആനമലൈ മലനിരകളുടെ അടിവാരത്തു നിന്ന് അപ്പർ ആളിയാർ ഡാമിലേക്ക് പോകുംവഴിയായിരുന്നു കൊമ്പന്റെ ആക്രമണം ഉണ്ടായത്. തമിഴ്നാട് വൈദ്യുതി വകുപ്പിൽ ജീവനക്കാരായ വിശ്വനാഥൻ, സെൽവരാജ്, സന്തോഷ് എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ നവമലൈ ഭാഗത്തെത്തിയപ്പോൾ റോഡിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന കൊമ്പനെ കണ്ടു. ഉടൻ തന്നെ വണ്ടി തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊമ്പൻ വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കലി പൂണ്ട കൊമ്പൻ വാഹനം കുത്തിമറിച്ചിട്ടു. റോഡിന് വശത്തുള്ള കുഴിയിലേക്കാണ് ജീവനക്കാരുള്ള വാഹനം വീണത്. കുഴിക്ക് വലിയ താഴ്ച ഇല്ലാതിരുന്നതിനാൽ ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
കാർ നിയന്ത്രണംവിട്ട് അപകടം; ബൈക്ക് യാത്രക്കാരെയും, കാൽനട യാത്രക്കാരിയെയും ഇടിച്ചു വീഴ്ത്തി
കോട്ടയം: കടുത്തുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് പിക്കപ് വാനിലിടിച്ച ശേഷം ബൈക്ക് യാത്രക്കാരായ ദമ്പതികളെയും കാൽനട യാത്രക്കാരിയെയും ഇടിച്ചു. റോഡരിൽകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും തകർത്ത ശേഷം പാലത്തിന്റെ കൈവരിയിൽ കാർ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു.
ബൈക്ക് യാത്രക്കാരായ കീഴൂർ വടക്കേപറമ്പിൽ സാമുവൽ ദേവസ്യ (63), ഭാര്യ അമ്മിണി (62), കാൽനടയാത്രക്കാരിയായ മങ്ങാട് താന്നിക്കാവ് ചെല്ലമ്മ കുട്ടപ്പൻ (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ മുട്ടുച്ചിറയിലുള്ള എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ടൗണിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അപകടം നടന്നത്. കിടങ്ങൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.
കാർ എറണാകുളം ഭാഗത്തേക്കു പോകാനായി തിരിഞ്ഞപ്പോഴാണ് പിക്കപ് വാനിലും ബൈക്കിലും ഇടിച്ചത്. ബൈക്ക് യാത്രക്കാരായ ദമ്പതികൾ സമീപത്തുള്ള കടത്തിണ്ണയിലേക്ക് തെറിച്ചുവീണു. ഇതോടെ നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാരിയെയും ഇടിച്ചുവീഴ്ത്തി പാഞ്ഞു റോഡരികിലിരുന്ന സ്കൂട്ടറിലിടിച്ച് പാലത്തിന്റെ കൈവരിയിൽ രണ്ടടിയിലേറെ ഉയരത്തിൽ കയറി നിൽക്കുകയായിരുന്നു. എഴുമാന്തുരുത്ത് വള്ളിക്കേരിൽ ജീമോന്റെ സ്കൂട്ടറാണ് അപകടത്തിൽ പൂർണമായും തകർന്നത്. ജീമോൻ സമീപമുള്ള എടിഎമ്മിൽ കയറിയപ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓട്ടോഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കടുത്തുരുത്തി പോലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് കോട്ടയം– എറണാകുളം റോഡിൽ ഗതാഗതതടസ്സം നേരിട്ടു.
സ്വർണവില പുതിയ റെക്കോർഡിൽ; ആശങ്ക മാറാതെ ആഭരണപ്രേമികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,440 രൂപയായി. ഒരുഗ്രാം സ്വർണത്തിന് 7,555 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,242 രൂപയുമാണ് ഇന്നത്തെ വിപണിവില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായത്.
ജനുവരി 22നാണ് ആഭരണപ്രേമികളെ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 60,000 കടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു പവൻ സ്വർണത്തിന് വില 60,200 രൂപയായിരുന്നു. സകല റെക്കോർഡുകളും ഭേദിച്ച് വില കുതിച്ചുയരുന്നതോടെ സ്വർണം വാങ്ങാനായി കാത്തിരുന്നവർ ആശങ്കയിലായിരിക്കുകയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്ര വ്യാപാര, തീരുവ നയങ്ങൾ തുടർന്നാൽ സ്വർണവില ഇനിയും കൂടിയേക്കാം. ട്രംപ് അധികാരമേറ്റതു മുതൽ സ്വർണവില മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയും ചൈനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങൾ വ്യാപാര ഇടപാടുകളിൽ നിന്ന് ഡോളർ ഒഴിവാക്കുന്നതിനെതിരെ ട്രംപ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡീഡോളറൈസേഷൻ നടത്തുന്ന രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി സ്വർണത്തിന്റെ വാങ്ങൽ താത്പര്യം ഉയർത്തിയേക്കും. അതുപോലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവില ഉയരാൻ കാരണമാകും.
ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 08 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ
ജനുവരി 09 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 58,520 രൂപ
ജനുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ
ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ
ജനുവരി 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 59,120 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 18 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 19 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 20 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 59,600 രൂപ
ജനുവരി 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 60,200 രൂപ
ജനുവരി 23 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,200 രൂപ
ജനുവരി 24 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 60,440 രൂപ
മലയാളി വിദ്യാർത്ഥിക്ക് UAEയുടെ പ്രത്യേക പുരസ്കാരം; അപർണ അനിൽ നായർക്ക് ഷെയ്ക് ഹംദാൻ അവാർഡ്
യുഎഇയിലെ മികച്ച വിദ്യാർത്ഥികൾക്കായി UAE വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അർഹയായി അപർണ അനിൽ നായർ. അലൈൻ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അപർണ.
മികച്ച പ്രാദേശികവും അന്തർദേശീയവുമായ പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ ദൗത്യം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമാണ് ഷെയ്ക് ഹംദാൻ അവാർഡ് നൽകുന്നത്. അലൈനിൽ ഫാർമസിസ്റ്റായി പ്രവർത്തിക്കുന്ന അനിൽ വി. നായരുടെയും (പ്രസിഡൻ്റ് -എൻ.എസ്സ് എസ്സ്, അലൈൻ), വൈസ് പ്രസിഡൻ്റ് (NSS UAE Central Committee) , നഴ്സായി പ്രവർത്തിക്കുന്ന അഞ്ജലി വിധുദാസിന്റെയും മകളാണ് അപർണ് അനിൽ നായർ. തിരുവല്ല പാലിയേക്കര അനുഗ്രഹയിൽ പരേതനായ മുൻ മുനിസിപ്പൽ കൗൺസിലറും പാലിയേക്കര എൻ.എസ്സ് എസ്സ് കരയോഗം സെക്രട്ടറിയും ആയിരുന്ന വേലുക്കുട്ടൻ നായരുടെയും സുഭദ്രാമ്മയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്സ്) ചെറുമകളാണ്. അലൈൻ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ്.
കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി മെഡിക്കൽ റിപ്പോർട്ട്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ലീലാവതിയിലേക്ക് 10 മിനിറ്റ് മാത്രം
മുംബൈ: സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ 4.11നാണ് (ജനുവരി 16) ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിക്കുന്നത്. ഏകദേശം 2.30നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലീലാവതിയിൽ നിന്ന് 10-15 മിനിറ്റ് ദൂരം മാത്രമേ സെയ്ഫ് താമസിക്കുന്ന ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നിന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്. ബാന്ദ്ര പൊലീസിന് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആശുപത്രിയിൽ എത്തിച്ചത് അഫ്സർ സായ്ദി എന്ന സുഹൃത്താണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. സെയ്ഫ് അലി ഖാനെ ആരെല്ലാം ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ആദ്യദിനം മുതൽ പ്രചരിച്ചിരുന്നത്. സെയ്ഫ് തന്റെ 8 വയസ്സുള്ള മകൻ തൈമൂർ അലി ഖാനൊപ്പം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർമാരിൽ ഒരാൾ നേരത്തെ സൂചിപ്പിച്ചിരുന്നു. മൂത്തമകൻ ഇബ്രാഹിം അലി ഖാനാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചതെന്നാണ് മറ്റ് റിപ്പോർട്ടുകൾ. എന്നാൽ സെയ്ഫിന്റെ മാനേജർ ഈ വാദങ്ങളെല്ലാം നിരസിച്ചിരുന്നു. വീട്ടുജോലിക്കാരനൊപ്പം ഓട്ടോറിക്ഷയിൽ വന്നെന്നാണ് മാനേജർ പറയുന്നത്. സെയ്ഫിനെ ഹോസ്പിറ്റലിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ പറയുന്നത് പ്രകാരം, ഒപ്പം ഒരു ചെറിയ കുട്ടിയും കൂടി ഉണ്ടായിരുന്നു. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹതകളും തുടരുകയാണ്.
ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ
വാഷിംഗ്‌ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിന് തിരിച്ചടി. സിയാറ്റിലിലെ ഫെഡറൽ കോടതി ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു.
ഉത്തരവ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ജഡ്ജ് ജോൺ കോഗ്‍നോറിന്റെ നടപടി. അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. യുഎസിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്നത് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയാണ്.
ഇതിനെ മറികടന്നുകൊണ്ടായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. ഈ നിയമം പിൻവലിക്കുമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.
ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്. രാജ്യത്തേക്ക് നടക്കുന്ന അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ ഭാഗമായാണ് ട്രംപ് ജന്മാവകാശ പൗരത്വത്തിനെതിരെ നിലപാട് സ്വീകരിച്ചത്.
ട്രംപിൻ്റെ ഉത്തരവിന് എതിരെ സിവിൽ റൈസ് സംഘടനകളും ഡെമോക്രാറ്റിക് ഭരണത്തിലുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു.
അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊൽപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്നു തുടങ്ങുന്നത്. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.
കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാനിരുന്നതാണ്. എന്നാൽ പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റി വയ്ക്കുകയായിരുന്നു.
2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്നത്. 2018 സെപ്റ്റംബറിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങാനിരിക്കെ കേസിലെ ചില നിർണായക രേഖകൾ കോടതിയിൽ നിന്നു നഷ്ടപ്പെട്ടു. പിന്നീട് പ്രോസിക്യൂഷൻ ഈ രേഖകൾ പുനഃസൃഷ്ടിച്ചു കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
കേസിൽ വിചാരണ അകാരണമായി നീളുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു നിയന്ത്രണത്തിലാക്കി; ചികിത്സ തുടങ്ങി
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു നിയന്ത്രണത്തിലാക്കി. കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനായി ദൗത്യസംഘം നാല് റൗണ്ട് ആണ് മയക്കുവെടിവെച്ചത്. ആനയുടെ പിന്‍കാലിലാണ് മയക്കുവെടിയേറ്റത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലായ കാട്ടാനയ്ക്ക് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങി.
വെറ്റിലപ്പാറയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന ഉള്ളത്. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിന് തൊട്ടുമുന്‍പ് ദൗത്യസംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. കഴിഞ്ഞ ദിവസം കാടുകയറിയ കാട്ടാന ഇന്ന് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയതോടെയാണ് ദൗത്യസംഘത്തിന് കാര്യങ്ങള്‍ എളുപ്പമായത്.
കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് ഇന്ന് രാവിലെ തിരിച്ചെത്തിയത്. 14-ാം ബ്ലോക്കില്‍ ചാലക്കുടി പുഴ മുറിച്ചുകടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലേക്കാണ് ആന എത്തിയത്. കാട്ടാനക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റ ആന മറ്റുള്ള ആനകളില്‍ നിന്ന് മാറുമ്പോള്‍ മയക്കുവെടിവെയ്ക്കാനായിരുന്നു പദ്ധതി. കാട്ടാനക്കൂട്ടത്തില്‍ നിന്ന് മാറിയ സമയത്താണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെയ്ക്കുന്നതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്ന കാട്ടാന ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തെങ്കിലും മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ല. 15 മുതലാണ് മുറിവേറ്റ നിലയില്‍ ആനയെ തോട്ടത്തില്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വനം വകുപ്പ് ആനയെ നിരീക്ഷിച്ചു വരികയാണ്.
സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്
എറണാകുളം : സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി.
സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയില്‍ പറയുന്നു. സംഘടനയില്‍ വെച്ച് നടന്ന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്.
പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാൾ വലിയ തൊലിക്കട്ടി; മദ്യ കമ്പനിക്ക് ടെൻഡർ വേണ്ടെന്ന വാദം മടിയിൽ കനമുള്ളത് കൊണ്ട്; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മദ്യകമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണ്. കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കിയിട്ട് വേണോ മദ്യപുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും പറയുന്നത് സിപിഐക്ക് പോലും മനസിലാവുന്നില്ല. നായനാരുടെ കാലം മുതൽ സംസ്ഥാന സർക്കാർ പിന്തുടരുന്ന മദ്യനയം മന്ത്രിസഭയിൽ പോലും ആലോചിക്കാതെ തിരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആരോഗ്യരംഗം ഇത്രയും അധപതിച്ച സമയം വേറെ ഉണ്ടായിട്ടില്ല. പിപിഇ കിറ്റ് അഴിമതിയെ ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോൾ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാൾ വലിയ തൊലിക്കട്ടിയാണുള്ളത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അവശ്യമരുന്നുകൾ കിട്ടാനില്ല. സർക്കാർ ആശുപത്രികളിൽ സിപിഎം ക്രിമിനലുകളെ അനധികൃതമായി തിരുകിക്കയറ്റി സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിൽ അട്ടിമറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജീവിക്കുന്നത് തന്നെ നരകതുല്യമായ അവസ്ഥയായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
