നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് ആശ്വാസം; കായികമേള വിലക്ക് പിൻവലിച്ചു

0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പങ്കെടുക്കുന്നതിനു രണ്ട് സ്കൂളുകളെ വിലക്കിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിൻവലിച്ചു. തിരുനാവായ നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ തീരുമാനമാണ് പിൻവലിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിലാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടികളുടെ അവസരം നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് വിലക്ക് പിൻവലിച്ചത്. വിലക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് രേഖാമൂലം നിരവധി പേർ പരാതി നൽകിയിരുന്നു. മാത്രമല്ല പ്രതിഷേധിച്ചതിൽ സ്കൂളുകൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിലക്കേർപ്പെടുത്തി പൊതു വിദ്യാഭ്യസ ഡയറക്ടർ ഇറക്കിയ ഉത്തരവ് റദ്ദാക്കും. വിലക്ക് നീക്കിയുള്ള പുതിയ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുറത്തിറക്കും.

നവംബറിൽ എറണാകുളത്തു നടന്ന കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ചതിനാണ് മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കായിക മേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിലക്കാനുള്ള തീരുമാനം വന്നത്.

കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ട് സ്‌കൂളുകളുടെയും നിലപാട്. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്നു വിലക്കിയ സര്‍ക്കാരിന്റെ നടപടി.

Leave a Reply