ജൽഗാവ് ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി റെയിൽവേ; അനുശോചിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽ​​ഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് 1.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. ധനസഹായത്തുക മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ​ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവർക്ക് 5,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാരുടെ അതിദാരുണ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 13 പേരുടെ ജീവനെടുത്ത ട്രെയിൻ അപകടം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേ​ഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്രെയിൻ അപകടത്തിൽ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തിലധികം യാത്രക്കാർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവരെ ജൽ​ഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. പുഷ്പക് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപെട്ടത്. പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും പുറത്തേക്ക് ഇറങ്ങി ട്രാക്കിൽ നിൽക്കുകയുമായിരുന്നു. ഈ സമയത്താണ് കർണാടക എക്സ്പ്രസ് പാഞ്ഞെത്തിയത്.

Leave a Reply