മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; മൂന്ന് പെൺകുട്ടികൾ മരിച്ചു, ആറ് പേർക്ക് പരിക്ക്

0

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീന ജില്ലയിൽ മാതാ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വൈഷ്ണവി സികർവാർ (11), ഛായാ ​ഗോസ്വാമി (7), കരിഷ്മ ​ഗോസ്വാമി (9) എന്നിവരാണ് മരിച്ചത്. താഴികക്കുടം പണിയുന്നതിനായി ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ചുമാറ്റുന്നതിനിടെയാണ് തകർന്ന് വീണത്.

പ്രദേശവാസികളുടെ മക്കളാണ് മരണപ്പെട്ട പെൺകുട്ടികൾ. മറ്റ് നാല് കുട്ടികൾക്കും ദമ്പതികൾക്കും പരിക്കേറ്റു. ഗുഞ്ജൻ (12), പാരി (8), വിദ്യ (6), സതീഷ് ​ഗൗഡ് (45), ഭാര്യ പൃഥ്വി ​ഗൗഡ് (40), മകൾ മൻസി ​ഗൗഡി (14) എന്നിവർക്കാണ് പരിക്കേറ്റത്. ഭാര്യ പൃഥ്വിയോടൊപ്പം ക്ഷേത്രത്തിൽ പ്രസാദം അർപ്പിക്കാൻ എത്തിയതായിരുന്നു ഗ്രാമവാസിയായ സതീഷ് ഗൗഡ്.

പ്രസാദം വിതരണം ചെയ്യാൻ അദ്ദേഹം ചില പെൺകുട്ടികളെ ക്ഷേത്രത്തിൽ വിളിച്ചുവരുത്തിയിരുന്നു. ഈ സമയത്ത്, പഴയ മേൽക്കൂരയുടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. താഴെ നിന്നിരുന്ന പെൺകുട്ടികളുടെ മുകളിലേക്കാണ് സ്ലാബ് വീണത്. ഭാരമുള്ള സ്ലാബായതിനാൽ, അടിയിൽ കുടുങ്ങിയ പെൺകുട്ടികളിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മറ്റ് പെൺകുട്ടികൾക്കും ദമ്പതികൾക്കും പരിക്കേറ്റു. ക്ഷേത്രത്തിലുണ്ടായിരുന്നവരും ഗ്രാമവാസികളും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ കൈലാരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, അപകട വിവരമറിഞ്ഞ് പൊലീസും എസ്ഡിഎമ്മും സ്ഥലത്തെത്തി. താഴികക്കുടത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ വന്നതോടെയാണ് സ്ലാബ് പൊളിഞ്ഞുവീണതെന്നാണ് നി​ഗമനം. ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ചാമദ് മാതാ ക്ഷേത്രമെന്ന് പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിൽ സൂരജ്കുണ്ഡ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തകർച്ചയെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജൗറ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശുഭം ശർമ്മ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതായി പൊലീസ് പറഞ്ഞു.

ഭർത്താവും വീട്ടുകാരും വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

0

ബെംഗളൂരു: യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ(22) ആണ് മരിച്ചത്. ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലിന്റെ ഭാര്യയാണ് അഞ്ജനാബായി. ഭർത്താവും കുടുംബവും അഞ്ജനയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നാണ് ആരോപണം. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 2022-ലാണ് അഞ്ജനാബായിയും ശേഖർ പാട്ടീലുമായുള്ള വിവാഹം നടന്നത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ പിതാവ് വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

യുവതിയെ ഭർത്താവിന്റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തിരുന്നതായി വിജയകുമാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാർഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നാണ്‌ പിതാവ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനകം മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ ശേഖർ പാട്ടിലാണ്. മറ്റുള്ളവർ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു : ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0

മൂവാറ്റുപുഴ : വാക്കു തർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊലപാതകം ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു 36 ) യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒഡീഷ സംസ്ഥാനത്തിൽ കേന്ദ്രപാറ സ്വദേശി .രാകേഷ് ബെഹ്റ (26)യാണ് കുത്തേറ്റ് മരണപ്പെട്ടത്.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
പ്രതി ഹാക്സോ ബ്ലേഡ് കൊണ്ടുള്ള കത്തി ഉപയോഗിച്ച് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയുമായിരുന്നു.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ എസ്.എൻ സുമിത , എം.വി ദിലീപ് , കുമാരൻ കെ, ടി.എ മുഹമ്മദ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി രതീഷ് , കെ’വി ഗിരിഷ് കുമാർ, കെ.ടി നിജാസ്, ജോബി പി ചാക്കോ, ക്രിസ്തുദാസ് പീറ്റർ, ഇർഫാൻഹബീബ് ,വിനോയ് കക്കാട്ടുകുടി എന്നിവരുമുണ്ടായിരുന്നു.

ജിഎസ് റ്റി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ് : രണ്ട് പേർ പിടിയിൽ

0

പെരുമ്പാവൂർ : ജിഎസ് റ്റി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും കഴിഞ്ഞ 25 ന് വൈകിട്ട് ഐമുറി ഭാഗത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ചെല്ലുകയും, അനൂപ് ജി എസ് റ്റി ഉദ്യോഗസ്ഥനാണെന്നും പണം നൽകിയില്ലെങ്കിൽ ഫൈൻ അടപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പുത്തി ആയിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു.

ഇൻസ്പെക്ടർ എ.എസ് സരിൻ ,എസ്.ഐ സി.എ സാജു, എ എസ് ഐമാരായ പി.ജെ സിജോ, മനോജ് സി.പി.ഒ നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്കെതിരെ പ്രതിപക്ഷം, അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം, പിന്നിൽ ഈ മൂന്ന് കാരണങ്ങൾ! തീരുമാനം ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ

0

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി പ്രതിപക്ഷം. സ്പീക്കർ സഭയിൽ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇന്ത്യാസഖ്യത്തിന്റെ യോഗത്തിലാണ് അവിശ്വാസ പ്രമേയത്തെ അവതരിപ്പിക്കാമെന്ന തീരുമാനമെടുത്തത്.

ഇത്തരമൊരു തീരുമാനത്തിലേക്ക് ഏതാണ് കോൺഗ്രസിനെ പ്രേരിപ്പിച്ചത് മൂന്ന് കാര്യങ്ങളാണ്. ഇതിൽ ഒന്ന് നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നതാണ്. രണ്ടാമത്തേത് സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്‌പെന്റ് ചെയ്‌തതാണ്. മൂന്നാമത്തെ കാരണം പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകിയില്ല എന്നുള്ളതാണ്. തിങ്കളാഴ്‌ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്‌പീക്കർ ഇതിന് അനുവാദം നൽകിയില്ല.

ഓംബിർലയെ നീക്കുന്നതിനുള്ള നോട്ടീസ് നൽകുന്നതിനായി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സ്‌പീക്കർക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഭരണഘടനയുടെ 94, 96 അനുഛേദങ്ങൾ പ്രകാരമാണ് സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം നൽകുന്നത്. ഇതിനായി 14 ദിവസം മുൻപ് നോട്ടീസ് നൽകണം. സഭയിലെ ആകെ അംഗസംഖ്യയുടെ പകുതിയിലധികം പേരുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാക്കാൻ സാധിക്കൂ. അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ഘട്ടത്തിൽ സ്‌പീക്കർക്ക് സഭയിൽ അധ്യക്ഷത വഹിക്കാൻ കഴിയില്ലെന്നും പകരം മറ്റാരെങ്കിലും സഭ നിയന്ത്രിക്കണമെന്നും ഭരണഘടനാ ചട്ടങ്ങളിലുണ്ട്. വിഷയം ലോക്സഭയിൽ ചർച്ചയാകുന്നു വകയിൽ സ്‌പീക്കർക്ക് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും.

അമിതമായ മൊബൈൽ ഉപയോഗം നിയന്ത്രിക്കണമെന്ന കുടുംബത്തിന്റെ ഉപദേശം അവഗണിച്ചു; ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ സമ്മർദം, തലച്ചോറിലെ രക്തക്കുഴൽ പൊട്ടി യുവാവ് മരിച്ചു

0

ന്യൂഡൽഹി: തുടർച്ചയായ മൊബൈൽ ഉപയോഗം മൂലമുണ്ടായ സമ്മർദത്തെത്തുടർന്ന് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി യുവാവ് മരിച്ചു. മുഹമ്മദ് കൈഫ് എന്ന 22കാരനാണ് മരിച്ചത്. മീററ്റിലെ ഖൈർനഗരിൽ താമസിക്കുന്ന യുവാവ് മൊബൈൽ ഫോണിനും ഓൺലൈൻ ഗെയിമിനും അടിമയായിരുന്നുവെന്നാണ് വിവരം. ബ്രെയിൻ ഹെമറേജ്‌ സംഭവിച്ചതിനെ തുടർന്ന്‌ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് യുവാവിന്റെ മരണത്തിനിടയാക്കിയത്.

പിതാവിന്റെ ബിസിനസിൽ സഹായിച്ചിരുന്ന യുവാവ് ഓഫീസിലിരുന്ന് ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കൈഫിന് മുൻപും ഉയർന്ന രക്തസമ്മർദം അനുഭവപ്പെടാറുണ്ടായിരുന്നെന്നും ചികിത്സയിലൂടെയാണ് അത് നിയന്ത്രിച്ചിരുന്നതെന്നുമാണ് വിവരം.

ഒരു ദിവസത്തിൽ പകുതി സമയത്തിലധികവും കൈഫ് മൊബൈലിൽ ചെലവഴിക്കാറുണ്ടായിരുന്നെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി റീലുകൾ നിർമ്മിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു. അമിതമായ മൊബൈൽ ഉപയോഗം നിയന്ത്രിക്കണന്ന് മാതാപിതാക്കൾ ഉപദേശിച്ചിരുന്നുവെങ്കിലും യുവാവ് ഇത് അനുസരിച്ചിരുന്നില്ല.

മറ്റൊരു സംഭവത്തിൽ തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ 19 -കാരനായ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നേഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി വിളിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനെന്ന് അടൂര്‍ പ്രകാശ്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണ സംഘം (എസ്ഐടി) തന്നെ വിളിപ്പിച്ച് ചോദ്യം ചെയ്യാനല്ല  മൊഴിയെടുക്കാനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. രഹസ്യമായല്ല എസ്ഐടിക്ക് മുന്നില്‍ പോയതെന്നും എന്നാല്‍ ഇതുസംബന്ധിച്ച് ചില മാധ്യമങ്ങള്‍ പല കഥകളും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരേ വന്ന് കാര്യങ്ങള്‍ പറയാനുള്ള അന്തസ്സും അഭിമാനവും കാണിക്കുന്ന ഒരാളാണ് താന്‍. ഒളിച്ചോട്ടം നടത്തി, മുഖഭാവം കണ്ടില്ലേ, അത് മാറിക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞൊന്നും ദയവായി വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വളരെ ആത്മാര്‍ഥതയോടെയും സന്തോഷത്തോടെയും ഇക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അത് പറഞ്ഞില്ലെങ്കില്‍ താന്‍ വെറും ഒരു മടയനായി വന്ന്, മടയത്തരം വല്ലതും പറഞ്ഞുപോയെന്ന് നിങ്ങള്‍ ധരിക്കും.

ഇന്നലെ എന്നെ ചോദ്യംചെയ്യാനല്ല വിളിച്ചത്. എന്റെ മൊഴിയെടുക്കാന്‍ വേണ്ടിയാണ് വിളിച്ചത്. മൊഴി കൊടുത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായിട്ടുള്ള തന്റെ ചിത്രംവന്നു. ആ ചിത്രം വന്നതിന്റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് ചോദിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. മറുപടി എഴുതിയെടുത്ത ഉദ്യോഗസ്ഥന്മാരുണ്ട്.

എന്നാല്‍, ഇന്നലെ ചാനലുകളില്‍ സ്‌ക്രോളിങ് വാര്‍ത്തവന്നത് അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. ആടിനെ പട്ടിയാക്കുന്ന സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

എം.എ ഷഹനാസിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ച്  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ  വക്കീൽ നോട്ടീസ് അയച്ചു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പ്രതിച്ഛായയ്ക്ക് കേടുവരുത്തുന്ന പരാമർശങ്ങൾ നടത്തിയതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. ഈ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ എം.എ. ഷഹനാസ് ശക്തമായി പ്രതികരിച്ചു. ഇരുവരും തമ്മിൽ വ്യക്തിപരമായ ബന്ധമില്ലെന്നും തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അസത്യമാണെന്നും അവർ പറഞ്ഞു. പൊതുവേദിയിൽ സംവാദത്തിന് തയാറാണെന്നും ഷഹനാസ് വ്യക്തമാക്കി.

മനസിലാക്കിയത് ‘ശരിയായ ഭക്തന്‍’ എന്ന നിലയ്ക്ക്;  പോറ്റിയുമായുള്ള ചിത്രങ്ങള്‍ പുറത്തെത്തിയതില്‍ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ചിത്രങ്ങള്‍ പുറത്തെത്തിയതില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്ത വരുന്നതുവരെ ഉണ്ണികൃഷ്ണന്‍ പോറ്റിയേക്കുറിച്ച് താന്‍ മനസ്സിലാക്കിയത് ‘ശരിയായ ഒരു ഭക്തന്‍’ എന്ന നിലയ്ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനപ്പുറമൊന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരുവട്ടം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയി എന്ന് നേരത്തെ പറഞ്ഞത് ഓര്‍മയില്‍ നിന്നാണ്. ഏഴെട്ടുവര്‍ഷം മുന്‍പത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

രണ്ടുതവണയല്ല, നാല്‍പ്പതുതവണ പോയാലും പോയെന്നു പറയാന്‍ തനിക്കൊരു മടിയുണ്ടാകേണ്ട കാര്യമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

ഉമ്മൻചാണ്ടി കുടുംബം തകർത്തെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹോദരി ഉഷ

കോട്ടയം:  ഉമ്മന്‍ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തതെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് സഹോദരി ഉഷ മോഹന്‍ദാസ്.

കേസുമായി പോയിരുന്നെങ്കില്‍ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും മാറ്റിവെച്ച് അദ്ദേഹം ഗണേഷിനെ സഹായിക്കുകയായിരുന്നു,

യാമിനിയുമായുളള വിഷയത്തില്‍ ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും പൊലീസ് കേസ് ഒഴിവാക്കി ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.  

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും അക്കാര്യം പിതാവ് ബാലകൃഷ്ണപ്പിളള നേരിട്ട് പറഞ്ഞതാണെന്നും ഉഷ വ്യക്തമാക്കി. ‘ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ആ എഴുത്ത് അച്ഛന്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന്‍ നേരിട്ട് പറഞ്ഞു. പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം’: ഉഷ മോഹന്‍ദാസ് പറഞ്ഞു.

നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രി

തിരുവനന്തപുരം: നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളം നെല്ലിന്‌ നൽകുന്ന അധിക പ്രോത്സാഹന ബോണസ്‌ നിർത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ്  കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചർ സെക്രട്ടറി ഔദ്യോഗികമായിത്തന്നെ അറിയിച്ചത്. ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കാണ് ലഭിച്ചത്.

കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ  നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. ഇതിൽ  കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥത? കേരളത്തിൽ സംസ്ഥാന സർക്കാർ നെല്ലു സംഭരണത്തിനായി കിലോക്ക്‌ 6.31 രൂപയാണ്‌ അധികമായി നൽകുന്നത്‌. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം

എഴുതിത്തള്ളാൻ മടിക്കാത്തവരാണ് നെൽകർഷകനു നൽകുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉൽപാദന വർധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്.  ഇത് കർഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്.

ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിൻ്റെ  ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം. നെൽക്കർഷകർക്ക് നൽകാനുള്ള സഹായത്തിൽ കേന്ദ്ര വിഹിതം യഥാസമയം നൽകാതെയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

കൊച്ചി: എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം.

സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ല. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്.

സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗോവയിൽ ഇനി അനുമതിയില്ലാതെ വിദേശ ടൂറിസ്റ്റുകളുടെ ചിത്രമെടുത്താൽ അകത്താകും

അനുമതിയില്ലാതെ ടൂറിസ്റ്റുകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗോവ പൊലീസ്. വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ടൂറിസ്റ്റുകളെ ഉപദ്രവിക്കുകയും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും ചെയ്ത കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ ഗോവയിലെ ബാഗാ ബീച്ചിൽ നിന്നാണ് ഇവരെ പിടികൂടിയത്.

വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 170-ാം വകുപ്പ് പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഏതു നടപടിയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടി തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു ; രക്ഷാ പ്രവര്‍ത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു ,13 പേര്‍ക്ക് പരുക്ക്

0

ന്യൂഡല്‍ഹി : ഫരീദാബാദിലെ സൂരജ്കുണ്ഡ് മേളയില്‍ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്നുവരുന്ന സൂരജ്കുണ്ഡ് മേളയില്‍ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ സുനാമി ഊഞ്ഞാൽഎന്നറിയപ്പെടുന്ന യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദ് ആണ് മരിച്ചത്. അപകടത്തില്‍ സന്ദര്‍ശകരടക്കം 13 പേര്‍ക്ക് പരുക്കേറ്റു. റൈഡ് പെട്ടെന്ന് തകരുകയും ചരിഞ്ഞു വീഴുകയുമായിരുന്നു. പരുക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയ ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദിന്റെ മുഖത്തും തലയിലും റൈഡിന്റെ ഭാഗം വന്ന് ഇടിച്ചതാണ് മരണകാരണം.

ഡെപ്യൂട്ടി കമ്മീഷണര്‍ ആയുഷ് സിന്‍ഹ, ടൂറിസം മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.പരിക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. റൈഡ് ഓപ്പറേറ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശം നിലവില്‍ ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്.

മേളയില്‍ നേരത്തെ ശക്തമായ കാറ്റില്‍ ഫുഡ് കോര്‍ട്ടിലെ ഒരു ഗേറ്റ് തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്.