എറണാകുളം: ശബരിമല കൊടിമര പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ ക്രമക്കേടുണ്ടായെന്ന കണ്ടെത്തലിന് മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. കൃത്യമായ കണക്കുകൾ ഉണ്ടെന്നും ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നുമാണ് അജയ് തറയിൽ പറയുന്നത്. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തിയത് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് ഒരു സിപിഎം നേതാവ് മുന്നറിയിപ്പ് നൽകിയതായും. അറസ്റ്റിനെ താൻ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അജയ് തറയിൽ പ്രതികരിച്ചു.
കൊടിമര നിർമാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്നും സ്വർണം സ്വീകരിച്ചത് കുറുപ്പ് ആണെന്നും അന്വേഷണത്തിൽ കണ്ടെത്തി. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് മറ്റൊരു ഗുരുതരമായ കണ്ടെത്തൽ.

