ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്കെതിരെ പ്രതിപക്ഷം, അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം, പിന്നിൽ ഈ മൂന്ന് കാരണങ്ങൾ! തീരുമാനം ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ

0

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി പ്രതിപക്ഷം. സ്പീക്കർ സഭയിൽ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇന്ത്യാസഖ്യത്തിന്റെ യോഗത്തിലാണ് അവിശ്വാസ പ്രമേയത്തെ അവതരിപ്പിക്കാമെന്ന തീരുമാനമെടുത്തത്.

ഇത്തരമൊരു തീരുമാനത്തിലേക്ക് ഏതാണ് കോൺഗ്രസിനെ പ്രേരിപ്പിച്ചത് മൂന്ന് കാര്യങ്ങളാണ്. ഇതിൽ ഒന്ന് നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നതാണ്. രണ്ടാമത്തേത് സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്‌പെന്റ് ചെയ്‌തതാണ്. മൂന്നാമത്തെ കാരണം പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകിയില്ല എന്നുള്ളതാണ്. തിങ്കളാഴ്‌ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്‌പീക്കർ ഇതിന് അനുവാദം നൽകിയില്ല.

ഓംബിർലയെ നീക്കുന്നതിനുള്ള നോട്ടീസ് നൽകുന്നതിനായി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സ്‌പീക്കർക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഭരണഘടനയുടെ 94, 96 അനുഛേദങ്ങൾ പ്രകാരമാണ് സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം നൽകുന്നത്. ഇതിനായി 14 ദിവസം മുൻപ് നോട്ടീസ് നൽകണം. സഭയിലെ ആകെ അംഗസംഖ്യയുടെ പകുതിയിലധികം പേരുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാക്കാൻ സാധിക്കൂ. അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ഘട്ടത്തിൽ സ്‌പീക്കർക്ക് സഭയിൽ അധ്യക്ഷത വഹിക്കാൻ കഴിയില്ലെന്നും പകരം മറ്റാരെങ്കിലും സഭ നിയന്ത്രിക്കണമെന്നും ഭരണഘടനാ ചട്ടങ്ങളിലുണ്ട്. വിഷയം ലോക്സഭയിൽ ചർച്ചയാകുന്നു വകയിൽ സ്‌പീക്കർക്ക് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here