ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീന ജില്ലയിൽ മാതാ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വൈഷ്ണവി സികർവാർ (11), ഛായാ ഗോസ്വാമി (7), കരിഷ്മ ഗോസ്വാമി (9) എന്നിവരാണ് മരിച്ചത്. താഴികക്കുടം പണിയുന്നതിനായി ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ചുമാറ്റുന്നതിനിടെയാണ് തകർന്ന് വീണത്.
പ്രദേശവാസികളുടെ മക്കളാണ് മരണപ്പെട്ട പെൺകുട്ടികൾ. മറ്റ് നാല് കുട്ടികൾക്കും ദമ്പതികൾക്കും പരിക്കേറ്റു. ഗുഞ്ജൻ (12), പാരി (8), വിദ്യ (6), സതീഷ് ഗൗഡ് (45), ഭാര്യ പൃഥ്വി ഗൗഡ് (40), മകൾ മൻസി ഗൗഡി (14) എന്നിവർക്കാണ് പരിക്കേറ്റത്. ഭാര്യ പൃഥ്വിയോടൊപ്പം ക്ഷേത്രത്തിൽ പ്രസാദം അർപ്പിക്കാൻ എത്തിയതായിരുന്നു ഗ്രാമവാസിയായ സതീഷ് ഗൗഡ്.
പ്രസാദം വിതരണം ചെയ്യാൻ അദ്ദേഹം ചില പെൺകുട്ടികളെ ക്ഷേത്രത്തിൽ വിളിച്ചുവരുത്തിയിരുന്നു. ഈ സമയത്ത്, പഴയ മേൽക്കൂരയുടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. താഴെ നിന്നിരുന്ന പെൺകുട്ടികളുടെ മുകളിലേക്കാണ് സ്ലാബ് വീണത്. ഭാരമുള്ള സ്ലാബായതിനാൽ, അടിയിൽ കുടുങ്ങിയ പെൺകുട്ടികളിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മറ്റ് പെൺകുട്ടികൾക്കും ദമ്പതികൾക്കും പരിക്കേറ്റു. ക്ഷേത്രത്തിലുണ്ടായിരുന്നവരും ഗ്രാമവാസികളും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ കൈലാരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, അപകട വിവരമറിഞ്ഞ് പൊലീസും എസ്ഡിഎമ്മും സ്ഥലത്തെത്തി. താഴികക്കുടത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ വന്നതോടെയാണ് സ്ലാബ് പൊളിഞ്ഞുവീണതെന്നാണ് നിഗമനം. ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ചാമദ് മാതാ ക്ഷേത്രമെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ സൂരജ്കുണ്ഡ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തകർച്ചയെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജൗറ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശുഭം ശർമ്മ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതായി പൊലീസ് പറഞ്ഞു.

