അഭിമന്യു കൊലക്കേസ്: പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് 16 പ്രതികൾ

0

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ 16 പ്രതികൾ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. പൊലീസ് ചുമത്തിയ കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.

എസ്.ഡി.പി.ഐ–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേർക്കെതിരെയാണ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 16 പേരാണ് കോടതിയിൽ ഹാജരായത്.

2018 ജൂലൈ 2-ന് മഹാരാജാസ് കോളേജ് ക്യാമ്പസിൽ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെയാണ് അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്.

കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായ സംഭവം നേരത്തെ വലിയ വിവാദമായിരുന്നു. തുടർന്ന് രേഖകൾ വീണ്ടും തയ്യാറാക്കിയ ശേഷമാണ് വിചാരണ നടപടികൾ പുനരാരംഭിച്ചത്.

വിചാരണ അനാവശ്യമായി നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസിലെ വിചാരണ നടപടികൾ ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here