ന്യൂഡൽഹി: കേന്ദ്ര സർവിസുകളിലെ വിവിധ തസ്തികകളിലായി സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്എസ് എസി) അപേക്ഷ ക്ഷണിച്ചു. 2065 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെലക്ഷൻ പോസ്റ്റുകളാണ് ഇവ. അപേക്ഷ ഓൺലൈനായി ജൂൺ 13വരെ സമർപ്പിക്കാം.
ആഗസ്റ്റിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എസ്എസ്എൽസി/പ്ലസ് ടു/ ബിരുദം എന്നീ യോഗ്യത ആവശ്യമായ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെട്രിക് ലെവൽ ഹയർസെക്കൻഡറി/പ്ലസ് ടു ലെവൽ, ഗ്രാജ്വേഷൻ ലെവൽ സെലക്ഷൻ ടെസ്റ്റുകൾ നടത്തിയാണ് മെറിറ്റ് ലിസ്റ്റുകൾ തയാറാക്കുക.
337 വ്യത്യസ്ത തസ്തികകളിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. നഴ്സിങ് ഓഫിസർ/സ്റ്റാഫ് നഴ്സ്, ജൂനിയർ കെമിസ്റ്റ്, ഫാർമസിസ്റ്റ് (അലോപ്പതി/ഹോമിയോ/ആയുർവേദ), ലബോറട്ടറി അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡന്റ്, ആക്സിലറി നഴ്സിങ് മിഡ് വൈഫ് (എ.എൻ.എം), ടെക്നിക്കൽ അസിസ്റ്റന്റ്, സർവേയർ, ടെക്നിക്കൽ ഓപറേറ്റർ ഡ്രില്ലിങ്, ബൊട്ടാണിക്കൽ അസിസ്റ്റന്റ്, ഗേൾ കാഡറ്റ് ഇൻസ്ട്രക്ടേഴ്സ്, ഡ്രില്ലിങ് അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്), പേഴ്സനൽ അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, ഫീൽഡ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, സയന്റിഫിക് അിസിറ്റന്റ് (കെമിക്കൽ/മെക്കാനിക്കൽ), ഹാൻഡിക്രാഫ്റ്റ് പ്രമോഷൻ ഓഫിസർ, ഡ്രാഫ്റ്റ്സ്മാൻ, ഫീൽഡ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ് (എം.ടി.എസ്), ഓഫിസ് സൂപ്രണ്ട്, ഇൻവെസ്റ്റിഗേറ്റർ, ചാർജ്മാൻ മെക്കാനിക്കൽ, ഫോട്ടോഗ്രാഫർ, യൂത്ത് അസിസ്റ്റന്റ്, കാന്റീൻ അറ്റൻഡന്റ്, ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രോഗ്രാമർ, ലീഗൽ അസിസ്റ്റന്റ്, ട്രേഡ്സ്മാൻ സ്കിൽഡ് (വിവിധ ട്രേഡുകൾ), എവിക്ഷൻ ഇൻസ്പെക്ടർ, ജൂനിയർ വയർലെസ് ഓഫിസർ, സെക്ഷൻ ഓഫിസർ (ഹോർട്ടികൾച്ചർ), അക്കൗണ്ടന്റ്, ക്ലീനർ, ഫോർമാൻ, വർക് ഷോപ് അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, ഇ.സി.ജി ടെക്നീഷ്യൻ, കുക്ക്, ചാർജ്മാൻ, അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്സ്/മെക്കാനിക്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, എക്സിക്യൂട്ടിവ് (വില്ലേജ് ഇൻഡസ്ട്രീസ്), ജൂനിയർ എക്സിക്യൂട്ടിവ് (അഡ്മിൻ ആൻഡ് എച്ച്.ആർ), സ്റ്റാഫ് കാർ ഡ്രൈവർ, എക്സിക്യൂട്ടിവ് (ഖാദി/ട്രെയ്നിങ്) മുതലായ തസ്തികകൾ ഇതിൽപെടും.
ഓരോ തസ്തികക്കും പ്രത്യേക ഫീസോടുകൂടി അപേക്ഷിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ തിരുവനന്തപുരം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാകേന്ദ്രങ്ങളാണ്.