ലോക സ്‌കീസോഫ്രീനിയ ദിനം ആണ് ഇന്ന്. സ്‌കീസോഫ്രീനിയ രോഗത്തെ കുറിച്ച് ആളുകളിൽ കൂടുതൽ അവബോധം വളർത്തുന്നതിനാണ് സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നത്. സ്കീസോഫ്രീനിയ ബാധിതരായ വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗവേഷണത്തിൻ്റെയും പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിൻ്റെയും ആവശ്യകത ഉയർത്തിക്കാട്ടുന്ന ദിനം കൂടിയാണ് ഇത്.
തലച്ചോറിൻ്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് സ്കീസോഫ്രീനിയ.
ഈ രോഗം ഏകദേശം 24 ദശലക്ഷം ആളുകളെ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്യുന്നു. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കിടയിലാണ് സ്കീസോഫ്രീനിയ കൂടുതലായി ബാധിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങൾ തമ്മിൽ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിൻ എന്ന പദാർഥത്തിന്റെ അളവുകൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ പ്രധാന കാരണം. ഇതുകൂടാതെ മനഃശാസ്ത്രപരമായ വസ്തുതകൾ, കുടുംബപ്രശ്‌നങ്ങൾ, സംഘർഷങ്ങൾ നിറഞ്ഞ ജീവിതം എന്നിവ ഈ രോഗത്തിനുള്ള സാധ്യത കൂട്ടുന്നു.സ്കീസോഫ്രീനിയ ബാധിച്ച ആളുകൾക്ക് ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ലോകമെമ്പാടുമുള്ള 20 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ചികിത്സിക്കാവുന്ന ഒരു മാനസിക രോഗമാണ് സ്കീസോഫ്രീനിയ. ഇരുപതുകളുടെ തുടക്കത്തിൽ ഈ അസുഖം പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. കുട്ടിക്കാലത്തും കൗമാരത്തിലും രോഗലക്ഷണങ്ങൾ ഉണ്ടാകാം.
ലക്ഷണങ്ങൾ എന്തൊക്കെ?
1. ഒന്നിനോടും താൽപര്യമില്ലാതിരിക്കുക. (മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയിൽ അലസതയും താൽപര്യക്കുറവും പ്രകടിപ്പിക്കുക).
2. എപ്പോഴും സംശയ കാണിക്കുക (തന്നെ ആക്രമിക്കാൻ മറ്റാരോ ശ്രമിക്കുന്നു എന്ന തോന്നൽ, പങ്കാളിക്ക് അവിഹിത ബന്ധം തുടങ്ങിയവ)
3. വൈകാരിക മാറ്റങ്ങൾ – ഭയം, ഉത്കണ്ഠ, കാരണമില്ലാതെ ചിരിക്കുക, കരയുക.
4. അദൃശ്യവ്യക്തികളുമായി സംസാരിക്കുക, കണ്ണാടി നോക്കി ചേഷ്ടകൾ കാണിക്കുക.