കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്, പൊലീസ് സമാന്തര അന്വേഷണം നടത്തേണ്ട; ഹൈറിച്ച് കേസില്‍ ഹൈക്കോടതി

0

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസ് സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈക്കോടതി. സിബിഐ കേസില്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വാക്കാല്‍ വ്യക്തമാക്കിയത്. അന്വേഷണം നടത്തുകയോ പ്രതികളെ വിളിച്ചു വരുത്തുകയോ ചെയ്യരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശം നല്‍കി. ഈ ഹര്‍ജിക്ക് മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം തേടി. ഹര്‍ജി 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സിബിഐയ്ക്ക് വിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നെന്ന് ആരോപിച്ചാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പീ പ്രൈവറ്റ് ലിമിറ്റഡ്, ഇതിന്റെ നടത്തിപ്പുകാരായ കെ ഡി പ്രതാപന്‍, ശ്രീന പ്രതാപന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ കോഴിക്കോട് ജില്ലയിലും കണ്ണൂര്‍ ജില്ലയിലും ഒട്ടേറെ പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഒരേ കുറ്റത്തിന്റെ പേരില്‍ വ്യത്യസ്ത വ്യക്തികളില്‍നിന്നു ഒരേ പരാതികള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പ്രതികള്‍ പറയുന്നത്. ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈറിച്ച് ഉടമകളുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ കണ്ടുകെട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here