ലണ്ടൻ: കോവിഡ് വാക്സിനേഷൻ ഗർഭിണികളിൽ സിസേറിയൻ സാധ്യത കുറച്ചെന്ന് യുകെയിലെ ബർമിംഗ്ഹാം സർവകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്സിനുകൾ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പർടെൻഷനും സിസേറിയനും ഉൾപ്പെടെയുള്ള ഗർഭകാല സങ്കീർണതകളിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തിൽ പറയുന്നു.(Caesarean section risk reduced in pregnant women who received covid vaccine; Research,)
2019 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്‌ക്ക് അധിക സാധ്യതയുള്ള ഗർഭിണികളിൽ വാക്സിനേഷൻ ഫലപ്രദമായോ എന്ന് നിർണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം.ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ഗർഭിണികളിൽ സിസേറിയൻ സാധ്യത ഒൻപതു ശതമാനം കുറഞ്ഞതായും ഗർഭാവസ്ഥയിലെ ഹൈപ്പർടെൻസിവ് ഡിസോർഡേഴ്സിൽ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്സിനേഷൻ എടുത്ത അമ്മമാർക്ക് ജനിച്ച നവജാത ശിശുക്കൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തിൽ പറയുന്നു.
കോവിഡിനെതിരെയുള്ള വാക്സിനേഷൻ പ്രോഗ്രാം ആഗോളതലത്തിൽ ഗർഭിണികൾക്ക് എത്രത്തോളം പ്രയോജനപ്രദമാണെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് ബർമിംഗ്ഹാം സർവകലാശാല ഗവേഷകർ വിശദീകരിച്ചു. വാക്സിനേഷൻ ഗർഭിണികളിൽ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകളിൽ കുറവും കണ്ടെത്തിയതായി ഗവേഷകർ കൂട്ടിച്ചേർത്തു.