ആര്‍ബിഐ നടപടി തിരിച്ചടിയായി; പേടിഎമ്മിന്റെ നഷ്ടത്തില്‍ വര്‍ധന, വരുമാനത്തിലും ഇടിവ്

0

ന്യൂഡല്‍ഹി: നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഉപസ്ഥാപനമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ (പേടിഎം) ത്രൈമാസ ഫലത്തെ ബാധിച്ചു. മാര്‍ച്ച് പാദത്തില്‍ പേടിഎമ്മിന്റെ നഷ്ടം കൂടി 550 കോടിയായി ഉയര്‍ന്നു. ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 219 കോടിയായിരുന്നു നഷ്ടം.

ഇക്കാലയളവില്‍ വരുമാനത്തിലും നഷ്ടമുണ്ടായി. 2.9 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. മാര്‍ച്ച് പാദത്തില്‍ 2267.10 കോടിയായിരുന്നു വരുമാനം.മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 2334 കോടിയായിരുന്നു. മുന്‍പാദവുമായി തട്ടിച്ച് നോക്കുമ്പോള്‍ നഷ്ടം 20 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം വിപണനവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കാന്‍ ആയത് ആശ്വാസമായി. മാര്‍ച്ച് പാദത്തില്‍ 16 ശതമാനം കുറവാണ് വരുത്താന്‍ സാധിച്ചത്. അതേസമയം സാമ്പത്തികവര്‍ഷം മുഴുവന്‍ കണക്കാക്കിയാല്‍ വരുമാനത്തില്‍ 25 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 9978 കോടി രൂപയാണ് വരുമാനം. നഷ്ടവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 1442 കോടിയായി കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി അവകാശപ്പെട്ടു.

2023-22 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് മുന്‍ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 19 ശതമാനമാണ് കുറയ്ക്കാന്‍ സാധിച്ചത്. ജനുവരിയിലാണ് നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള വിവിധ ബാങ്കിങ് സേവനങ്ങള്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ഇതാണ് മാര്‍ച്ച് പാദത്തില്‍ കമ്പനിയെ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Leave a Reply