ന്യൂഡല്‍ഹി: മികച്ച ജീവിത നിലവാര സൂചികയില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയേക്കാളും വാണിജ്യ തലസ്ഥാനമായ മുംബൈയേക്കാളും മുന്നില്‍ കേരളത്തിലെ രണ്ടു നഗരങ്ങള്‍. ഓക്സ്ഫോര്‍ഡ് ഇക്കണോമിക് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സിലാണ് കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും മികച്ച നേട്ടം കൈവരിച്ചത്. ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ, ബംഗളൂരുവിനേയും ഹൈദരാബാദിനേയും കൊച്ചിയും തൃശൂരും പിന്തള്ളി.
സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിര്‍വഹണം എനിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ലോക നഗരങ്ങളെയാണ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് റാങ്കു ചെയ്തിട്ടുള്ളത്.ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്കാണ്. ലണ്ടന്‍, യുഎസിലെ സാന്‍ജോസ്, ടോക്യോ തുടങ്ങിയവയാണ് പട്ടികയില്‍ തൊട്ടുപിന്നാലായുള്ളത്. കൊച്ചിയ്ക്ക് പട്ടികയില്‍ 765-ാം റാങ്കാണ്. തൃശൂരിന് 757ഉം. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി 838, മുംബൈ 915, ബംഗളൂരു 847, ഹൈദരാബാദ് 882 എന്നിങ്ങനെയാണ് റാങ്കില്‍. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്.
ജീവിത നിലവാര മാനദണ്ഡത്തില്‍ താഴ്ന്ന റാങ്കാണെങ്കിലും, മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നി നഗരങ്ങള്‍ മികച്ച സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. മൊത്തത്തിലുള്ള റാങ്കിങ്ങില്‍ മുംബൈ 427-ാം സ്ഥാനത്തും ഡല്‍ഹി 350-ാം സ്ഥാനത്തും ബംഗളൂരു 411-ാം സ്ഥാനത്തുമാണ്. യുപിയിലെ സുല്‍ത്താന്‍പൂരാണ് ഏറ്റവും പിന്നിലുള്ളത്. ഉത്തരേന്ത്യന്‍ നഗരങ്ങളെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം ഉള്ളത് ദക്ഷിണേന്ത്യയിലാണെന്നും പട്ടിക വ്യക്തമാക്കുന്നു.