ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍, സംഘര്‍ഷം

0

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും കര്‍ഷകരും. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ചത്ത മീനുകളുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ചീഫ് എഞ്ചിനീയറെ തടഞ്ഞു. ചീഞ്ഞ മീനുകള്‍ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധക്കാര്‍ വലിച്ചെറിയുകയും ചെയ്തു.പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചീഞ്ഞ മീനുകള്‍ ഓഫീസ് വളപ്പിലേക്ക് എറിയുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മത്സ്യം കൂട്ടത്തോടെ ചത്തതില്‍ കോടികളുടെ നഷ്ടം ഉണ്ടായതായിട്ടാണ് കര്‍ഷകര്‍ പറയുന്നത്.

150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ചുപോയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. കോടികളുടെ നഷ്ടമാണ് മത്സ്യക്കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply