രാസമാലിന്യം കലര്‍ന്നോയെന്നു പരിശോധിക്കും; തെളിഞ്ഞാല്‍ കര്‍ശന നടപടി: പി രാജീവ്

0

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. രാസമാലിന്യം കലര്‍ന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരണം എന്താണെന്ന് പരിശോധിക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായ രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. ഉത്തരവാദ നിക്ഷേപം, ഉത്തരവാദ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ നയം. ഷട്ടറുകള്‍ തുറക്കുമ്പോള്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും മന്ത്രി പി രാജീവ് പറഞ്ഞു.ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ടിന്മേല്‍ തക്കതായ നടപടിയുണ്ടാകുന്നതാണ്.

പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞതാണോ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ സംഭവം നടന്നതെന്ന് തിരിച്ചറിയാന്‍ സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതിനോടകം ശേഖരിച്ച് കുഫോസ് സെന്‍ട്രല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകും.

സിസിടിവി കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കിതില്‍ പങ്കുണ്ടോ എന്ന് ഉറപ്പ് വരുത്തും. അങ്ങനെ തെളിഞ്ഞാല്‍ ആ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവം കൃത്യമായി ഫോളോ അപ്പ് ചെയ്ത് തുടര്‍നടപടികള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here