യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം ബസ്സിൽ നിന്ന് ഇറങ്ങിയോടി: മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി

0

കോഴിക്കോട്: ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച ശേഷം ഇറങ്ങിയോടിയ തമിഴ്നാട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് സഹയാത്രിക. മുൻകായികതാരം കൂടിയായ തലക്കുളത്തൂർ എടക്കര സ്വദേശിനി താഴയൂരിങ്കൽ മിധു ശ്രീജിത്താണ് (34) മോഷ്ടാവിനെ അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിലാണ് സംഭവമുണ്ടായത്. പിടിയിലായ തമിഴ്നാട് മധുര മാരിയമ്മൻ കോവിൽ സ്വദേശിനി മാരിയമ്മയെ (45) പൊലീസിന് കൈമാറി.

എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് മിധു. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റോപ്പിൽ മിധു ഉൾപ്പടെയുള്ളവർ ഇറങ്ങിയതിനു പിന്നാലെ ബസിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. ഇതോടെ ആരും പോകരുതെന്ന് കളക്ടർ ആവശ്യപ്പെടുകയായിരുന്നു.ബസിറങ്ങി ആൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവർ ഒച്ചവച്ചതോടെ മാരിയമ്മ പിൻവാതിലിലൂടെ ഇറങ്ങി ഓടി. ഉടൻ മിധുവും പിന്നാലെ ഓടുകയായിരുന്നു. എരഞ്ഞിപ്പാലം ജംക്‌ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാൻ ശ്രമിച്ചെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു. അതോടെ എരഞ്ഞിപ്പാലം ജംക്‌ഷനിൽ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവിൽ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്പ്പെടുത്തിയത്.

ഇതിനിടയിൽ മാരിയമ്മയുടെ ചുരിദാർ കീറിയെങ്കിലും നഗ്നത പുറത്തുകാണാതിരിക്കാൻ മിധു അവരെ പൊതിഞ്ഞുപിടിക്കുകയായിരുന്നു. ജങ്ഷനിലെ ട്രാഫിക് പൊലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്ടാവിനെ തടഞ്ഞുവയ്ക്കാൻ സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here