മോദി രാമക്ഷേത്രത്തില്‍, കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കും; ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം?: ജി സുധാകരന്‍

0

കൊച്ചി: ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ‘ഈ ഹിന്ദു വര്‍ഗീയതയില്‍ ആകൃഷ്ടരായ ബുദ്ധിജീവികള്‍ അടക്കം മുസ്ലീങ്ങളെ ആക്ഷേപിച്ചു. മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതിന്റെ കാര്യമെന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ പറ്റിയ തെറ്റ് മുസ്ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി സംസാരിച്ചു എന്നതാണ്. ഒരു മാസത്തോളമാണ് സംസാരിച്ചത്. ഒരു പ്രധാനമന്ത്രി അങ്ങനെ ചെയ്യാമോ? ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ അങ്ങനെ ചെയ്തിട്ടുണ്ടോ? വാജ്‌പേയ് പോലും അങ്ങനെ ചെയ്തിട്ടില്ല. മോദി അഹങ്കാരമല്ലെ കാണിച്ചത്. താന്‍ എന്തോ ആണ്, താന്‍ ദൈവം വരെ ആണ്. പാര്‍ലമെന്റില്‍ വടി വച്ചു. ആ വടിയും കൊണ്ടുള്ള വരവ് കാണണം. പൂജാരിമാര്‍ പൂജിച്ച് കൊണ്ടുവരുന്ന പോലെ?, ജനാധിപത്യത്തില്‍ ചെങ്കോല്‍ ഉണ്ടോ?’- സുധാകരന്‍ ചോദിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.(Modi to Ram Temple,Kejriwal to Hanuman Temple; What is the difference between them?: G Sudhakaran,)

‘രാജവാഴ്ചയുടെ, നഷ്ടപ്പെട്ട ഫ്യൂഡല്‍ സമ്പ്രദായങ്ങളുടെ ആരാധകനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റാണിത്. അദ്ദേഹം ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിനകത്ത് വടി കൊണ്ട് വച്ചു.അതിനോട് യോജിക്കുന്നവരാണോ അവിടെ ഇരിക്കുന്ന എല്ലാവരും. പാര്‍ട്ടി ചെറുതോ വലുതോ എന്നതല്ല. എന്തുകൊണ്ട് നിരവധി പാര്‍ട്ടികളുടെ സൊസൈറ്റികള്‍ ഉണ്ടാകുന്നു? കേരള കോണ്‍ഗ്രസിന് തന്നെ ആറോ ഏഴോ പാര്‍ട്ടിയുണ്ട്. ഓരോ പാര്‍ട്ടിയും ഓരോ പ്രത്യയശാസ്ത്രമാണ് എന്നാണ് ലെനിന്‍ പറഞ്ഞത്. ഈ സമൂഹത്തിന് ഇത്രയും പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ട്. അതാണ് പാര്‍ട്ടിയായി വരുന്നത്. വലതുപക്ഷത്ത് തന്നെ പല റേഞ്ചുകളിലുള്ള പ്രത്യയശാസ്ത്രമുണ്ട്. ഇടതുപക്ഷത്തും ഇത്തരത്തില്‍ വ്യത്യസ്ത റേഞ്ചുകളില്‍ ഐഡിയോളജി ഉണ്ട്. പാര്‍ട്ടികളുടെ ബാഹുല്യത്തില്‍ വിഷമിക്കേണ്ട കാര്യമില്ല. ഇത്രയും ചീള് ചീള് ആശയമുള്ളത് കൊണ്ടാണ്. പറഞ്ഞപോലെ ഈ പാര്‍ലമെന്റിലെ എല്ലാവരും മോദിയുടെ ചെങ്കോലുകാരാണോ? അല്ലല്ലോ? പാര്‍മെന്റിനെ അമ്പലമാക്കാന്‍ കഴിയുമോ? ഇതൊന്നും വേണ്ടത്ര മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഒരുപരിധിയോളം കഴിഞ്ഞൂ. കാരണം ബിജെപിക്ക് മൂന്നില്‍ രണ്ടുഭൂരിക്ഷം പോയില്ലേ?’- ജി സുധാകരന്‍ വിമര്‍ശിച്ചു.’400 കിട്ടിയില്ല എന്നുമാത്രമല്ല ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും ലഭിച്ചില്ല. ഇതില്‍ കൂടുതല്‍ നാണക്കേട് വേണോ? എന്നിട്ടും അദ്ദേഹത്തിന് എന്തെങ്കിലും ഭാവവ്യത്യാസമുണ്ടോ? നാണക്കേട് ഉണ്ടായാലും ഭാവിക്കാത്ത തൊലിക്കട്ടി അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം വിജയിക്കാന്‍ പോകുന്നില്ല. അടുത്തപ്രാവശ്യം അധികാരത്തില്‍ വരുന്നത് സംശയമാണ്. രാജ്യത്ത് ബിജെപി വ്യാപിച്ചു എന്നത് ശരിയാണ്. എന്നാല്‍ പാര്‍ട്ടിയുടെ സാന്ദ്രത കുറഞ്ഞു എന്നതിന്റെ തെളിവാണ് യുപി. പഞ്ചാബില്‍ ഒന്നുമില്ല. എഎപിയുടെ എടുത്തുചാട്ടം കൊണ്ടാണ് ഡല്‍ഹിയില്‍ സീറ്റ് കിട്ടാതിരുന്നത്. അരവിന്ദ് കെജരിവാളും അങ്ങേയറ്റം അന്ധവിശ്വാസിയാണ്. എപ്പോഴും അദ്ദേഹം ഹനുമാന്‍ കോവിലിലേക്ക് ഓടുന്നത് എന്തിനാണ്? മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകും. ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടുപേരും അന്ധവിശ്വാസികളും കടുത്ത വലതുപക്ഷക്കാരുമാണ്.’- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply