ആ വിഡിയോ വ്യാജം, ഒരു പാര്‍ട്ടിയുടെയും പ്രചാരകനല്ല; ഡീപ് ഫേക്ക് ആശങ്കപ്പെടുത്തുന്നതെന്ന് ആമിര്‍ ഖാന്‍

0

ന്യൂഡല്‍ഹി: ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. 35 വര്‍ഷത്തിനിടയിലെ സിനിമാ ജീവിതത്തിനിടെ ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ആമിര്‍ ഖാന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ‘വ്യാജവും’ ആശങ്കപ്പെടുത്തുന്നതുമാണെന്ന് വക്താവ് പറഞ്ഞു.വ്യാജ വീഡിയോ സംബന്ധിച്ച് ആമിര്‍ ഖാന്‍ അധികൃതരെ വിവരം അറിയിച്ചതായും, മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും നടന്റെ വക്താവ് അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തതായി കരുതപ്പെടുന്ന 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ആമിര്‍ ഖാന്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി നടന്‍ രംഗത്തു വന്നിട്ടില്ല. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ പൗരന്മാരും വോട്ടു ചെയ്ത്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനും ആമിര്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചുവെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here