സൂര്യതിലകം ചാര്‍ത്തി രാംലല്ല, ദര്‍ശന പുണ്യത്തിനായി പതിനായിരക്കണക്കിന് ഭക്തര്‍

0

അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ രാം ലല്ലക്ക് സൂര്യാഭിഷേകം. ക്ഷേത്രത്തിലെ പൂജാരിമാര്‍ നടത്തിയ സൂര്യതിലകം ചടങ്ങ് ഏകദേശം 4-5 മിനിറ്റ് നീണ്ടുനിന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് സൂര്യ രശ്മികള്‍ നേരിട്ട് എത്താത്തതിനാല്‍ കണ്ണാടികളിലൂടെയും ലെന്‍സിലൂടെയുമാണ് രാമന്റെ നെറ്റിയിലേയ്ക്ക് സൂര്യ തിലകം എത്തിച്ചത്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലേയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

അയോധ്യയിലേക്ക് പതിനായിരക്കണക്കിന് ഭക്തരാണ് ഇന്ന് ദര്‍ശനത്തിനായെത്തിയത്. എന്നാല്‍ സൂര്യതിലകത്തിന്റെ സമയത്ത് ആര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിച്ചില്ല. എല്ലാ വര്‍ഷവും ചൈത്രമാസത്തിലെ ശ്രീരാമനവമിയില്‍ ഉച്ചയ്ക്ക് ഇത്തരത്തില്‍ ചടങ്ങ് നടത്തും. വിചാരിച്ചതുപോലെ തന്നെ സൂര്യതിലകം ഉച്ചക്ക് 12 ന് തന്നെ നടത്താന്‍ കഴിഞ്ഞെന്ന് റൂര്‍ക്കിയിലെ സിഎസ്‌ഐആര്‍സിബിആര്‍ഐയിലെ ചീഫ് സയന്റിസ്റ്റ് ഡോ ഡിപി കനുങ്കോ പറഞ്ഞു.രാമനവമി ദിനത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് രാമജന്മഭൂമിയില്‍ അനുഭവപ്പെടുന്നത്. തിന്മയുടെ മേല്‍ നന്മയുടെയും അനീതിയുടെ മേല്‍ നീതിയുടെയും വിജയത്തെ സൂചിപ്പിക്കുന്നതാണ് രാമനവമി ദിനമെന്നാണ് വിശ്വാസം. രാമനവമിയോടനുബന്ധിച്ച് ഭക്തരെ വരവേല്‍ക്കുന്നതിനായി അയോദ്ധ്യയില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here