കുല്‍ദീപ് സ്പിന്നില്‍ വട്ടം കറങ്ങി പതനം; ആയുസ് നീട്ടി ആയുഷ്!

0

ലഖ്‌നൗ: ആയുഷ് ബദോനിയുടെ അവസരോചിത അര്‍ധ സെഞ്ച്വറി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ രക്ഷിച്ചു. കുല്‍ദീപ് യാദവിന്റെ മാന്ത്രിക സ്പിന്നിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ലഖ്‌നൗ ഏഴാമനായി എത്തിയ ബദോനിയുടെ ധീര ചെറുത്തു നില്‍പ്പിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ 168 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് കണ്ടെത്തിയത്.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗ ടീമിനു തുടക്കത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. ടീം ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് ബദോനി അര്‍ഷദ് ഖാനെ കൂട്ടുപിടിച്ച് ടീമിനെ ഈ നിലയിലേക്ക് എത്തിച്ചത്.

ബദോനി 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അര്‍ഷദ് ഖാന്‍ 16 പന്തില്‍ 20 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.ക്വിന്റന്‍ ഡി കോക്ക് (19), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (39), ദേവ്ദത്ത് പടിക്കല്‍ (3), മാര്‍ക്കസ് സ്റ്റോയിനിസ് (8), നിക്കോളാസ് പൂരാന്‍ (0), ദീപക് ഹൂഡ (10), ക്രുണാല്‍ പാണ്ഡ്യ (3) എന്നിവരാണ് പുറത്തായത്. മുന്‍നിരയില്‍ രാഹുല്‍ മാത്രമാണ് പിടിച്ചു നിന്നത്. 22 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുല്‍ ക്രീസില്‍ നിന്നത്.

ഡല്‍ഹിക്കായി ടീമില്‍ തിരിച്ചെത്തിയ കുല്‍ദീപ് നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ഖലീല്‍ അഹമദ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here