‘കടുത്ത വേനലാണ് ഇപ്പോള്‍’, അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; സംസ്ഥാന സിലബസ് സ്‌കൂളുകളോട് മന്ത്രി വി ശിവന്‍കുട്ടി

0

തിരുവനന്തപുരം: അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ഉയരുന്നുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ അടക്കുകയും ജൂണ്‍ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകള്‍ നടത്തുമ്പോള്‍ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പാടില്ലെന്നും മന്ത്രി അറിയിച്ചു.കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കുട്ടികള്‍ക്ക് താങ്ങാന്‍ ആവാത്ത ചൂടാണിത്. അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം ബാധകമല്ലാത്ത സ്‌കൂളുകളിലെ 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി രാവിലെ 7.30 മുതല്‍ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈകോടതി ഉത്തരവിട്ടുണ്ട്. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി. രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്വന്തം നിലയില്‍ അക്കാദമിക, അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ യാതൊരു ഉദ്ദേശവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here