ബിജെപി അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും, കള്ളപ്പണം ഒഴുകുന്നത് ഇല്ലാതാക്കും: നിര്‍മലാ സീതാരാമന്‍

0

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇലക്ടറല്‍ ബോണ്ടിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഞങ്ങള്‍ക്ക് നിക്ഷേപകരുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിര്‍മിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. സുതാര്യത നിലനിര്‍ത്തി ഇലക്ടറല്‍ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ടിനെ അനുകൂലിച്ച് നിര്‍മല സീതാരാമന്‍ മുമ്പും നിലപാട് സ്വീകരിച്ചിരുന്നു. നേരത്തെ ഉള്ളതിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഇലക്ടറല്‍ ബോണ്ടെന്ന് അവര്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതല്‍ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്നും നിര്‍മല നേരത്തെ പറഞ്ഞിരുന്നു.2018 ജനുവരി രണ്ടിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്. എന്നാല്‍ 2024 ഫെബ്രുവരി 15 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്ന് വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here