തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊന്ന പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്ന് കുന്നംകുളത്തെ ബാര്‍ ഉടമ. ഇന്നലെ മദ്യപിച്ച് ജോലിക്ക് വന്നപ്പോള്‍ പറഞ്ഞുവിട്ടെന്നും ബാര്‍ ഉടമ പറഞ്ഞു. ടിവിയിലൂടെയാണ് ഒഡീഷ സ്വദേശി രജനീകാന്ത റാണ ടിടിഇയെ തള്ളിയിട്ട് കൊന്ന കാര്യം അറിഞ്ഞതെന്നും ബാര്‍ ഉടമ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുമാസം മുന്‍പാണ് രജനീകാന്ത റാണ ബാറില്‍ ജോലിയില്‍ പ്രവേശിച്ചത്. പ്രതിയുടെ ആധാര്‍ കാര്‍ഡ് സൂക്ഷിച്ചിട്ടുണ്ട്. ഇന്നലെ മദ്യപിച്ച് ജോലിക്ക് വന്നപ്പോള്‍ പറഞ്ഞുവിടാന്‍ നിര്‍ദേശിച്ചു. കണക്ക് ക്ലോസ് ചെയ്ത് രജനീകാന്ത റാണയെ ജോലിയില്‍ നിന്ന് പറഞ്ഞുവിടാനാണ് നിര്‍ദേശിച്ചതെന്നും ബാര്‍ ഉടമ പറഞ്ഞു. ക്ലീനിങ് സെക്ഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിന് മുന്‍പ് മദ്യപിച്ചതായി കണ്ടിട്ടില്ല. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെ മറ്റൊരു ഒഡീഷ സ്വദേശിയുടെ ഒപ്പം നാട്ടിലേക്ക് പോകുന്നുവെന്നാണ് രജനീകാന്ത റാണ പറഞ്ഞതെന്നും ബാര്‍ ഉടമ കൂട്ടിച്ചേര്‍ത്തു.അതിനിടെ കൊലപാതക കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ടിടിഇയെ തള്ളിയിടുന്ന സമയത്ത് രജനീകാന്ത റാണ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്ത ശേഷം വൈകീട്ട് നാലുമണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ചാണ് സംഭവം. എറണാകുളത്തു നിന്നും പട്നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് വീഴ്ത്തി. ടിടിഇ അടുത്ത ട്രാക്കിലേക്ക് വീഴുകയും പിന്നാലെ വന്ന ട്രെയിനടിയില്‍പ്പെട്ട് മരിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഉടന്‍ തന്നെ യാത്രക്കാര്‍ പൊലീസിനെയും ആര്‍പിഎഫിനെയും വിവരം അറിയിച്ചു. മുളങ്കുന്നത്തുകാവിനും വടക്കാഞ്ചേരിക്കും ഇടയിലാണ് ടിടിഇ വീണത് എന്നറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടിടിഇ വിനോദിന്റെ മൃതദേഹം കണ്ടത്. പിടിയിലായ ശേഷം പ്രതി രജനീകാന്ത് താന്‍ ഒറ്റത്തള്ളിനാണ് വീഴ്ത്തിയതെന്ന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.