തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും.
സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ ജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.
സിറോ മലബാര്‍ സഭ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മാനന്തവാടി നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ ചടങ്ങുകളില്‍ പങ്കെടുക്കും.