‘ദളപതി 69’ ൽ നായികയായെത്തുന്നത് അപർണ ബാലമുരളി ?

0

ദളപതി വിജയ് ചിത്രം ‘ഗോട്ടി’നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലും വിജയ് എത്തിയിരുന്നു. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഗോട്ടിന് ശേഷം സംവിധായകൻ എച്ച് വിനോദിനൊപ്പം വിജയ് ‘ദളപതി 69’ ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് വിജയ് ചെയ്യുന്ന അവസാനത്തെ ചിത്രമായിരിക്കും ‘ദളപതി 69’. നടി അപർണ ബാലമുരളിയെ ചിത്രത്തിലെ പ്രധാന വേഷത്തിനായി എച്ച് വിനോദ് സമീപിച്ചതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

മുൻപ് നടൻ സൂര്യയ്ക്കൊപ്പം സൂരറൈ പോട്ര് എന്ന ചിത്രത്തിൽ അപർണ അഭിനയിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സെപ്റ്റംബർ 5 നാണ് ഗോട്ട് തിയറ്ററുകളിലെത്തുക. ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ആണ് വിജയ്‌യുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലിയോയ്ക്ക് ലഭിച്ചത്. അടുത്തിടെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തമിഴക വെട്രി കഴകം എന്നൊരു പാർട്ടിയും വിജയ് രൂപീകരിച്ചിരുന്നു. ധനുഷ് നായകനായെത്തുന്ന രായൻ എന്ന ചിത്രവും അപർണയുടേതായി ഒരുങ്ങുന്നുണ്ട്. ചിത്രത്തിലെ അപർണയുടെ ലുക്കും പുറത്തുവന്നിരുന്നു.

Leave a Reply