ബലിതര്‍പ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

0

ആലുവ: ശിവരാത്രി ആഘോഷങ്ങളിൽ മുഴുകി ശിവ ക്ഷേത്രങ്ങൾ. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി ഇന്ന് നിരവധി ആളുകളാണ് ആലുവ മണപ്പുറത്തേക്ക് എത്തുക. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങുകയും അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കുകയും ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തുന്നത്. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും. ആലുവയിലേക്ക് ഭക്തർക്ക് എത്തിച്ചേരുന്നതിനായി കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽനിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്.

പ്രത്യേക ട്രെയിൻ സർവീസുകൾ

ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും. അന്നേദിവസം രാത്രി 06461 ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടുന്ന തരത്തിലാണ് ക്രമീകരണം. രാത്രി 23.15ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 00.45ന് ആലുവയില്‍ എത്തും.

പിറ്റേന്ന് രാവിലെ 5.15ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ വണ്ടി ആലുവയ്ക്കും ഷൊര്‍ണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.

കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

210 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ആലുവ, വടക്കൻ പറവൂർ, മാള, പുതുക്കാട്, പെരുമ്പാവൂർ, തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, അങ്കമാലി ഡിപ്പോകളിൽനിന്നാണ് ഈ സർവീസുകൾ. തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ മണപ്പുറം സ്റ്റാൻഡിൽനിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് ഗാന്ധി സ്ക്വയർ സ്റ്റോപ്പിൽ നിന്നും ചേർത്തല ഭാഗത്തേക്ക് നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നുമാകും സർവീസ് നടത്തുക. മണപ്പുറത്ത് താൽക്കാലികമായി ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിച്ച് വരുന്നുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here