ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത് ഇഡി നടപടി ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് നടപടി.
ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജരിവാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിലെ റിമാന്‍ഡ് വാദവുമായി ക്ലാഷ് ആവും എന്നതിനാലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് സിങ്വി പറഞ്ഞു.
അറസ്റ്റിലായ കെജരിവാളിനെ ഇഡി ഇന്ന് വിചാരണക്കോടതിയെ ഹാജരാക്കും. രാവിലെ ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ അഭിഷേക് മനു സിങ്‌വി കെജരിവാളിന്റെ ജാമ്യ ഹര്‍ജി മെന്‍ഷന്‍ ചെയ്തിരുന്നു.തുടര്‍ന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നു തന്നെ ഈ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ കവിതയുടെ ജാമ്യ ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചിരുന്നു.
എന്നാല്‍ കോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചില്ല. പകരം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനാവില്ല. ജാമ്യത്തിനുള്ള സാധാരണ രീതി മറികടക്കാനാകില്ല. രാഷ്ട്രീയ നേതാവ് എന്നതില്‍ പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.