സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് ഗവര്‍ണര്‍ വഴങ്ങി; പൊന്മുടിയുടെ സത്യപ്രതിജ്ഞ വൈകീട്ട്

0

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു.

പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here