കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കി ഇ ഡി; രണ്ട് കേസുകളിൽ വീണ്ടും സമൻസ്; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

0

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടികൾ കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). രണ്ട് കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഒമ്പതാം തവണയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ അയച്ച നോട്ടീസില്‍ മാര്‍ച്ച് 21 വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലും ജല്‍ ബോര്‍ഡ് അഴിമതിക്കേസിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുക.മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21-നും ജല്‍ ബോര്‍ഡ് കേസില്‍ മാര്‍ച്ച് 17-നും ഹാജരാകാനാണ് നിര്‍ദേശം. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ ദിവസം കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സമന്‍സ് ലഭിച്ചിരിക്കുന്നത്.

ഡല്‍ഹി റോസ്‌ അവന്യു കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) ആണ് ശനിയാഴ്ച കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. കേസില്‍ ശനിയാഴ്ച വാദം നടക്കുമ്പോള്‍ കെജ്‌രിവാള്‍ കോടതിയില്‍ ഹാജരായിരുന്നു. കെജ്‌രിവാളിനെതിരെ ചുമത്തിയിട്ടുള്ള ഐ.പി.സി. സെക്ഷന്‍ 174 ജാമ്യം കിട്ടാവുന്ന വകുപ്പാണ് എന്ന് ചൂണ്ടിക്കാട്ടി എ.സി.എം.എം. ദിവ്യ മല്‍ഹോത്രയാണ് ജാമ്യം അനുവദിച്ചത്.

2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് കെജ്‌രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.

ഇതേ കേസുമായി ബന്ധപ്പെട്ട് ബി.ആര്‍.എസ്. നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി. വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ കവിതയുടെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ കവിതയെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Leave a Reply