കാട്ടാനയുടെ മുന്നില്‍ അതിസാഹസികമായി സെല്‍ഫി; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്

0

ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ സാഹസികമായി സെല്‍ഫി എടുത്ത രണ്ട് യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി ഷൂട്ട് ചെയ്യുകയുമായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വനംവകുപ്പ് കേസെടുത്തത്. കന്നിമലയിലും തെന്മലയിലും രണ്ട് പ്രെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്.

സെവന്‍മല എസ്റ്റേറ്റിലാണ് സംഭവം. കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് അവയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം. തേയിലക്കാട്ടിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് അരികില്‍ ചെന്നാണ് ഇവര്‍ ഫോട്ടോയെടുത്തത്.ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാകാമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പടയപ്പയടക്കമുള്ള ആനകളുടെ അടുത്തു നിന്ന് നാട്ടുകാരടക്കമുള്ളവര്‍ ഫോട്ടോയെടുക്കുന്നുണ്ട്. ഇത് ആനകളെ പ്രകോപിപ്പിക്കുകയാണ്.

Leave a Reply