അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത് 20 പേരെ

0

കൊച്ചി: അറസ്റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ടുകൾ. അവയവക്കടത്തിനായി 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു മൊഴി നൽകിയത്.ഇതിൽ ചിലർ മരിച്ചെന്നും വിവരമുണ്ട്.

അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപ താൻ കമ്മിഷനായി കൈപ്പറ്റിയിരുന്നു എന്നാണ് സബിത്ത് പറയുന്നത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് ഇയാൾ ആളുകളെ ഇറാനിലെത്തിച്ചത്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി.

ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് പ്രധാന ഇരകൾ.എട്ട് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കൊണ്ടുപോയി. കടത്തിയവരിൽ മലയാളികളും ഉൾപ്പടുന്നുണ്ട്.തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറിനെ ഇന്നലെയൊണ് നെടുമ്പാശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറെ നാളായി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ ഇറാനിലെത്തിക്കുന്ന സബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്തിരുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എൻഐഎ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കാനും സാധ്യതയുണ്ട്. സബിത്തിനെ ഇന്ന് കോടതിയിൽ‌ ഹാജരാക്കും.

Leave a Reply