ചൈനീസ് കപ്പലുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഴത്തിലുള്ള പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി നിഷേധിച്ച് ശ്രീലങ്ക

0

 

ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക. സമുദ്രമേഖലയിൽ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മാനിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയോട് പ്രധാനമന്ത്രി ആറ് മാസം മുൻപ് നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാട് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചത്.

 

ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആഴത്തിലുള്ള ജല പര്യവേഷണം നടത്താൻ അനുവദിക്കണമെന്ന് ചൈന ശ്രീലങ്കയോട് അഭ്യർത്ഥിച്ചിരുന്നു. ചൈനയുടെ ശാസ്ത്ര-ഗവേഷണ കപ്പലായ സിയാങ് യാംഗ് ഹോംഗ് 3യുടെ പേരിലായിരുന്നു നീക്കം. ഒക്ടോബർ-നവംബർ മാസത്തിൽ ശ്രീലങ്കൻ മാരിടൈം ഏജൻസിയുമായി ചേർന്ന് ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ 6 സംയുക്ത സമുദ്ര സർവേ നടത്തുന്നതിലും ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു.

 

മുൻ വർഷങ്ങളിൽ ചൈനീസ് ഗവേഷണ കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ ട്രാക്കറുകൾ, ഹൈഡ്രോഗ്രാഫിക് കപ്പലുകൾ തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെത്തി സർവേകൾ നടത്തിയിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഇതിൽ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഒരു ചൈനീസ് കപ്പലിനും അനുമതി നൽകേണ്ടതില്ലെന്നാണ് ശ്രീലങ്കൻ അധികാരികളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here